kannur local

പോലിസ് കാവലില്‍ കീഴാറ്റൂര്‍ വയലില്‍ ഇന്ന് സര്‍വേ

തളിപ്പറമ്പ്: വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ചെറുത്തുനില്‍പ് സമരം ശക്തമായിരിക്കെ കീഴാറ്റൂര്‍ വയല്‍ ഉള്‍പ്പെടുന്ന സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ ഇന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെത്തും. വയല്‍ക്കിളികളും യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകളും സര്‍വേ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത പോലിസ് ബന്തവസിലായിരിക്കും സര്‍വേ നടത്തുക.
പോലിസ് സഹായം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി തളിപ്പറമ്പ് പോലിസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സിപിഎമ്മിന് ഏറെ തലവേദന സൃഷ്ടിച്ച കീഴാറ്റൂരില്‍ ഒരുഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം സമവായശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലംകണ്ടില്ല. തിരുവനന്തപുരത്ത് ഉന്നതതല യോഗത്തിലുണ്ടായ ധാരണ അട്ടിമറിക്കപ്പെട്ടതോടെ സമരം ശക്തിപ്രാപിക്കുകയായിരുന്നു. തുടര്‍ന്നാണ് സമരത്തില്‍ പങ്കെടുത്ത കീഴാറ്റൂര്‍ സെന്‍ട്രല്‍, വടക്ക് കീഴാറ്റൂര്‍ ബ്രാഞ്ചുകളിലെ 11 സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പിന്നാലെ കീഴാറ്റൂരില്‍ സിപിഎം രാഷ്ട്രീയവിശദീകരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍, വയല്‍ നികത്തി ബൈപാസ് നിര്‍മാണം അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് വയല്‍ക്കിളികള്‍.
രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി വയല്‍ കാവല്‍ സമരം ആരംഭിച്ചിട്ടുണ്ട്. സിപിഐയും ബിജെപിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചിരുന്നു. സര്‍വേ നടപടികള്‍ എന്തുവില െകാടുത്തും ചെറുക്കാനാണ് വയല്‍ക്കിളികളുടെ തീരുമാനം.
Next Story

RELATED STORIES

Share it