പോലിസ് കസ്റ്റഡിയില്‍ മാവോവാദി ജീവനൊടുക്കി; 5 പേര്‍ക്ക് സസ്‌പെന്‍ഷന്

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ പോലിസിന്റെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ മാവോവാദി ആത്മഹത്യ ചെയ്തു. ബമന്‍ എന്ന ദിനേശി(26) നെയാണ് ജനവാതിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 2013ല്‍ ജിറാം താഴ്‌വരയിലുണ്ടായ ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലിസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ചുപോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷമായി സുക്മ ജില്ലയില്‍ മാവോവാദി പ്രവര്‍ത്തനം നടത്തി വരികയായിരുന്ന ബമനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2013 മെയ് 25ന് ജിറാം താഴ്‌വരയിലുണ്ടായ ആക്രമണത്തില്‍ സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാക്കളടക്കം 31 പേര്‍ മരിച്ചിരുന്നു.സുക്മ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണത്തിലും ബമന് പങ്കുണ്ടെന്നാണ് പോലിസിന്റെ ആരോപണം. സുക്മ ആക്രമണത്തില്‍ 15 പോലിസുകാരടക്കം 16 പേര്‍ മരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പോലിസുമായി സഹകരിച്ച ബമന്‍ കര്‍ണാടക മാവോവാദികളെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് നാരായണ്‍പൂര്‍ പോലിസ് സൂപ്രണ്ട് അഭിഷേക് മീണ അറിയിച്ചു.ചോദ്യം ചെയ്യലിനിടെ പോലിസുകാര്‍ പുറത്തുപോയപ്പോള്‍ ഇയാള്‍ മുറിയടച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് മീണ പറഞ്ഞു.

വാതിലില്‍ മുട്ടിയപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് പോലിസുകാര്‍ അകത്തു കടന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ക്ക് എഴുതിയിട്ടുണ്ടെന്നും മീണ പറഞ്ഞു.
Next Story

RELATED STORIES

Share it