wayanad local

പോലിസ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു

മാനന്തവാടി: കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാറിനെതിരേ അപകീര്‍ത്തികരമായ നോട്ടീസ് പ്രചരിപ്പിച്ച സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനില്‍നിന്ന് ബലമായി മോചിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30ഓടെ പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300ഓളം പേരാണ് സ്റ്റേഷനിലേത്തി കസ്റ്റഡിയില്‍ കഴിഞ്ഞ കുപ്പാടിത്തറ ചേക്ക് ഇബ്രാഹീ(52)മിനെ മോചിപ്പിച്ചത്. ഇയാളെ ഞായറാഴ്ച വൈകീട്ടാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പൊതുജനങ്ങള്‍ക്കിടയില്‍ സ്പര്‍ധവളര്‍ത്തുന്ന നോട്ടീസുകള്‍ വിതരണം ചെയ്തതിന് ഐപിസി 153ാം വകുപ്പ് പ്രകാരമായിരുന്നു പോലിസ് കേസെടുത്തത്. രാത്രി 11ഓടെ സ്‌റ്റേഷനിലെത്തിയ സിപിഎം നേതാവ് ഗഗാറിന്‍, പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. എന്നാല്‍, പോലിസ് വഴങ്ങിയില്ല. തുടര്‍ന്ന് എസ്‌ഐ സ്ഥലത്തില്ലാതിരുന്ന സമയത്ത് പ്രതിയെ സംഘം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ ഏറെനേരം സംഘര്‍ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി അര്‍ധരാത്രിയോടെ സ്‌റ്റേഷനിലെത്തി സമരക്കാരുമായി സംസാരിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയുന്ന 300ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it