Kerala

പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിക്കെതിരേ ഐജി

പോലിസ് കംപ്ലയ്ന്റ്‌സ്  അതോറിറ്റിക്കെതിരേ ഐജി
X
jisha-murder-case

കൊച്ചി: ജിഷ വധക്കേസില്‍ പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്റെ ഉത്തരവിനെതിരേ ഐജി ഹൈക്കോടതിയില്‍. നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ഉത്തരവ് അധികാര പരിധി ലംഘനമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവ് ഹരജി നല്‍കിയത്.
ജൂണ്‍ രണ്ടിന് ഹാജരാവണമെന്നാണ് നിര്‍ദേശം. തന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നല്ല രീതിയിലാണ് മുന്നേറുന്നതെന്ന് ഹരജിയില്‍ പറയുന്നു. ആത്മാര്‍ഥവും സത്യസന്ധവുമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
മെയ് അഞ്ചിനും 27നുമായി രണ്ട് അന്വേഷണ പുരോഗതി റിപോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാര്യമായി അന്വേഷണം നടക്കുമ്പോഴൂം പോലിസ് അന്വേഷണത്തെ വിമര്‍ശിച്ചാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. സമാന്തര അന്വേഷണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണ് അതോറിറ്റിക്ക് ലഭിച്ചിട്ടുള്ള പരാതി. ഈ പരാതിയില്‍ പരിധി ലംഘിച്ചുള്ള ഉത്തരവാണ് അതോറിറ്റിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. അധികാരമില്ലാതെ പുറപ്പെടുവിച്ച ചെയര്‍മാന്റെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.
Next Story

RELATED STORIES

Share it