Flash News

പോലിസ് ഉദ്യോഗസ്ഥ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍



അമ്പലവയല്‍ (വയനാട്): വനിതാ പോലിസുദ്യോഗസ്ഥയെ സ്‌റ്റേഷനിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ പോലിസ് സ്‌റ്റേഷനിലെ പോലിസുകാരിയായ കെ പി സജിനി(37)യാണ്  മരിച്ചത്. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ടു വര്‍ഷമായി അമ്പലവയല്‍ പോലിസ് സ്‌റ്റേഷനില്‍ സിവില്‍ പോലിസ് ഓഫിസറായി ജോലി ചെയ്തുവരുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സ്‌റ്റേഷനിലെ റസ്റ്റ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മുതല്‍ നാലു വരെ പാറാവു ഡ്യൂട്ടിയിലായിരുന്നു സജിനി. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തക ആറുമണിയോടെ വിശ്രമമുറിയിലെത്തിയപ്പോഴാണ് സജിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സജിനി ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സജിനിയുടെ മാതാവും ബന്ധുക്കളും ആരോപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നു രാവിലെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാതെ മൃതദേഹം മറവുചെയ്യില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. 2014ല്‍ കല്‍പ്പറ്റ സ്‌റ്റേഷനില്‍ സര്‍വീസില്‍ കയറിയ സജിനി 2015 മുതലാണ് അമ്പലവയല്‍ സ്‌റ്റേഷനില്‍ സേവനമാരംഭിച്ചത്. മൂപ്പൈനാട് സ്വദേശിയായ രാജേന്ദ്രനാണ് ഭര്‍ത്താവ്. കാര്‍ത്തിക്, കൈലാസ് മക്കളാണ്.
Next Story

RELATED STORIES

Share it