Flash News

പോലിസ് ഇരകളെ കുറ്റക്കാരാക്കുന്നു ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം



തിരുവനന്തപുരം: ഇരകള്‍ക്കെതിരേ കേസെടുത്ത് കുറ്റവാളികളെ രക്ഷിക്കാനുള്ള പ്രവണത പോലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമാവുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇരകളെ അവഗണിച്ച്, പീഡിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പോലിസ് നടപടി വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിക്കണം. കൊച്ചിയില്‍ ടാക്‌സി ഡ്രൈവറെ മൂന്നു സ്ത്രീകള്‍ ചേര്‍ന്നു കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്തത് ജാമ്യമില്ലാ കുറ്റമാണ്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസിയുടെ സുരക്ഷാ ജീവനക്കാരന്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇരകള്‍ക്കെതിരേ കേസെടുക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് കോടതിയില്‍ നിന്നു ശിക്ഷ ലഭിക്കാതിരിക്കാനുള്ള പഴുതുകള്‍ വര്‍ധിക്കും. സ്വാധീനമുള്ളവര്‍ പോലിസിനെ ദുരുപയോഗം ചെയ്ത് കേസില്‍ നിന്നു രക്ഷപ്പെടുന്ന പതിവ് വര്‍ധിക്കുകയാണെന്ന് ആരോപിച്ച് ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കേസ് നവംബര്‍ രണ്ടിന് നടപരിഗണിക്കും.
Next Story

RELATED STORIES

Share it