പോലിസ് ആസ്ഥാനത്തെ ഫയല്‍ മോഷണം സിബിഐ അന്വേഷിക്കണം; സെന്‍കുമാര്‍ കത്തു നല്‍കി

തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ ഡിജിപി ആയിരിക്കെ, പോലിസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി രഹസ്യ ഫയലുകള്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്ത്. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനു ടി പി സെന്‍കുമാറാണു കത്ത് നല്‍കിയത്. തച്ചങ്കരിയെ താന്‍ തല്ലിയെന്ന ആരോപണവും സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തിലുണ്ട്.
പോലിസ് ആസ്ഥാനത്തുള്ള ഡിജിപിയുടെ മുറിയില്‍ വിളിച്ചുവരുത്തി സെന്‍കുമാര്‍ തന്നെ കൈയേറ്റം ചെയ്തുവെന്ന് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മൊഴിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറി കഴിഞ്ഞദിവസം സെന്‍കുമാറിനെ ഓഫിസിലേക്ക് വിളിച്ചെങ്കിലും അദ്ദേഹം മൊഴി നല്‍കാന്‍ തയ്യാറായില്ല. വിരമിക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറിക്ക് പരാതിയില്‍ വിശദീകരണം നല്‍കിയെന്നായിരുന്നു സെന്‍കുമാര്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സെന്‍കുമാര്‍ കത്ത് നല്‍കിയത്.
പോലിസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് തച്ചങ്കരിയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങള്‍ അടങ്ങിയ ഫയല്‍ തച്ചങ്കരി മോഷ്ടിച്ചുവെന്നു ഡിജിപി പദവിയിലിരിക്കെ സെന്‍കുമാര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ പോലിസ് ആസ്ഥാനത്തു വച്ച് സെന്‍കുമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന തച്ചങ്കരിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറി സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തിലും സെന്‍കുമാര്‍ തച്ചങ്കരിക്കെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. തച്ചങ്കരിയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും ഗുരുതരമായ അച്ചടക്കലംഘനം ഉണ്ടായപ്പോള്‍ താക്കീത് നല്‍കുക മാത്രമാണു ചെയ്തതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ പദവിയിലേക്കു വരാതിരിക്കാന്‍ സെന്‍കുമാറിനെതിരേ കുരുക്കുകള്‍ മുറുക്കാനായാണു സര്‍ക്കാര്‍ തച്ചങ്കരിയുടെ പരാതി ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും ആക്ഷേപമുണ്ട്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറി വീണ്ടും മൊഴിയെടുക്കാന്‍ സെന്‍കുമാറിനെ വിളിച്ചത്.
Next Story

RELATED STORIES

Share it