Kollam Local

പോലിസ് അവഹേളിച്ചു;ഹൈക്കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടികളിലൊരാളുടെ മാതാവ്

പത്തനംതിട്ട: ബലാല്‍സംഗത്തിന് ഇരയായ കുട്ടികള്‍ക്ക് അടൂര്‍ പോലിസില്‍ നിന്ന് നീതി കിട്ടിയില്ലന്ന് ഇരകളില്‍ ഒരാളുടെ അമ്മ. തങ്ങള്‍ക്ക് അടൂര്‍ ഡിവൈഎസ്പിയില്‍ വിശ്വാസം ഇല്ലെന്നും അവര്‍ പറഞ്ഞു.

മാനഭംഗകേസ് രജിസ്റ്റര്‍ ചെയ്ത അന്നു മുതല്‍ മകളെ കാണാന്‍ കഴിഞ്ഞിട്ടില്ലന്നും മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരകളോട് കാണിക്കേണ്ട നീതി ഉണ്ടായിട്ടില്ലന്ന് അഭിഭാഷകനും പറഞ്ഞു.
അമ്മയായ തന്നെ ഡിവൈഎസ്പി ഓഫിസിലെ പോലിസുകാര്‍ കളിയാക്കുകയും കയര്‍ക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. കൊട്ടാരക്കര ഡിവൈഎസ്പിയും അടൂര്‍ ഡിവൈഎസ്പിയുമാണ് കേസ് അന്വേഷിച്ചു തുടങ്ങിയത്. രണ്ടായുള്ള അന്വേഷണം ആവശ്യമില്ല. തങ്ങള്‍ക്ക് അടൂരില്‍ നിന്ന് നീതി കിട്ടും എന്ന് വിശ്വസിക്കുന്നില്ല. സ്വാധീനം ഉള്ളവര്‍ വന്ന് ആദ്യം ഒരാളെ കേസില്‍ നിന്ന് ഒഴിവാക്കിയത് എല്ലാവരും കണ്ടതാണ്. ഐജി വന്നപ്പോഴാണ് അയാളെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയ്യാറായത്. ഇത് സൂചിപ്പിക്കുന്നത് അന്വേഷണം ശരിയായ വഴിക്കല്ല എന്നതാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണം. കുട്ടികളെ കുരുക്കിലാക്കാന്‍ നടത്തിയ എല്ലാ നീക്കങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. പണത്തിന്റെ സ്വാധീനവും അന്വേഷിക്കണം.തന്റെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഇല്ലന്ന് അമ്മ പറഞ്ഞു.ഏറെ നേരം കാത്തുനിന്നിട്ടും മകളെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പോലിസ് വൈകിപ്പിച്ചു. കേസ് തേച്ച്മായ്ച്ച് കളയാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അമ്മ പറഞ്ഞു.
Next Story

RELATED STORIES

Share it