Kottayam Local

പോലിസ് അന്വേഷണം പ്രഹസനമാവുന്നു

കോട്ടയം: നഗരത്തില്‍ ദമ്പതികളെ കൈയേറ്റം ചെയ്യാനുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രമം തടഞ്ഞ മാധ്യമ പ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവത്തില്‍ പോലിസ് അന്വേഷണം പ്രഹസനമാവുന്നു. നിയമലംഘനം നടത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ക്കു തണലായി പോലിസ് മാറിയതോടെ സംഭവം നടന്നു നാലു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാനായിട്ടില്ല. അതേസമയം, ഒരുവിഭാഗം ഓട്ടോ ഡ്രൈവര്‍മാരുടെ പകല്‍കൊള്ളക്കെതിരേ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകനും ഫോണില്‍ അജ്ഞാതരുടെ ഭീഷണിയുമുണ്ടായി.
അശ്ലീലങ്ങള്‍ നിറഞ്ഞ ചീത്തയാണു ലാന്‍ഡ് ഫോണില്‍ വിളിച്ച് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞത്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ഘടകം തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 22ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലുണ്ടായ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നു കോട്ടയം വെസ്റ്റ് പോലിസ് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ അടിവയറ്റില്‍ തൊഴിച്ചയാള്‍ പിടിയിലായിട്ടില്ല. മാത്രവുമല്ല, പോലിസ് കസ്റ്റഡിയിലെടുത്ത രണ്ടു പ്രതികളെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍തന്നെ വിട്ടയക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പോലിസിന്റെ മെല്ലെപ്പോക്കിനെതിരേ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ശക്തമായി. പ്രധാന പ്രതി ഒളിവിലാണെന്നാണു പോലിസ് ഭാഷ്യം.
മുമ്പ് കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ലെറിഞ്ഞുടച്ച കേസില്‍ ഉള്‍പ്പടെ പ്രതിയായ ഓട്ടോ ഡ്രൈവറെയാണ് ഇനിയും പിടികൂടാനുള്ളത്. ഇയാളെ ചില രാഷ്ട്രീയക്കാര്‍ സംരക്ഷിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
Next Story

RELATED STORIES

Share it