Flash News

'പോലിസ് അതിരുവിടുന്നു ; നിലയ്ക്ക് നിര്‍ത്തണം' സിപിഎം കേന്ദ്ര നേതൃത്വത്തോട് വിഎസ്

പോലിസ് അതിരുവിടുന്നു ; നിലയ്ക്ക് നിര്‍ത്തണം സിപിഎം  കേന്ദ്ര  നേതൃത്വത്തോട്  വിഎസ്
X


ന്യൂഡല്‍ഹി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കി. സംസ്ഥാനത്തെ പോലിസിന്റെ നടപടികള്‍ അതിര് വിടുകയാണെന്നും പോലിസിനെ നിലയ്ക്കു നിര്‍ത്തണമെന്നും വിഎസ് നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പോക്ക് ശരിയല്ലെന്നും തിരുത്തല്‍ വേണമെന്നും വിഎസ് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളില്‍ ജനവികാരം സര്‍ക്കാരിന് എതിരാണെന്നും വിഎസ് വ്യക്തമാക്കി.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കുറിപ്പിലാണ് സംസ്ഥാന ഭരണത്തെ സംബന്ധിച്ച് തന്റെ നിലപാട് ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി എസ് വ്യക്തമാക്കിയത്. അധികാരത്തിലേറി തുടക്കത്തില്‍ തന്നെ സര്‍ക്കാരിന്റെ ശോഭ കെടുത്തി വിവാദങ്ങളുണ്ടായെന്ന് വിഎസ് ചൂണ്ടിക്കാട്ടി. പോലിസ് നടപടികള്‍ അതിര് വിടുകയാണ്. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലിസ് മര്‍ദനമേറ്റതും സര്‍ക്കാര്‍ പ്രശ്‌നത്തെ വേണ്ടത്ര ജാഗ്രതയോടെ കാണാഞ്ഞതും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ലോ അക്കാദമി വിവാദം, മൂന്നാറിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഉണ്ടാവുന്ന വിവാദങ്ങള്‍, ബന്ധു നിയമനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നു.  കേന്ദ്ര നേതൃത്വം ഇടപെട്ട് അടിയന്തരമായി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുറിപ്പില്‍ ആവശ്യപ്പെടുന്നു. വി എസിന്റെ കുറിപ്പ് സീതാറാം യെച്ചൂരി പിബി യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍, സംസ്ഥാന വിഷയങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നായിരുന്നു ഇതു സംബന്ധിച്ച  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി.
Next Story

RELATED STORIES

Share it