Flash News

പോലിസ് അതിക്രമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു; സംസ്ഥാന നേതാക്കളുടെ കസ്റ്റഡി സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ പ്രചാരണം തടയാന്‍

തിരുവനന്തപുരം: എതിര്‍ ശബ്ദങ്ങളെ പോലിസ് രാജിലൂടെ അടിച്ചമര്‍ത്തി കേരളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. കാംപസ് കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനവ്യാപകമായി പോലിസ് വേട്ടയും നുണപ്രചാരണവും നടത്തുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും അതിക്രമങ്ങളും തുറന്നുകാണിച്ച് എസ്ഡിപിഐ 20 മുതല്‍ സംസ്ഥാനവ്യാപകമായ പ്രചാരണത്തിനു തയ്യാറെടുക്കുന്നതിനിടെയാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തത്.
അക്രമങ്ങള്‍ക്കെതിരേ ചാരിത്ര്യപ്രസംഗം നടത്തുന്നവരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്ന തരത്തില്‍ വസ്തുതകള്‍ നിരത്തി പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ ജനം ഏറ്റെടുക്കുമെന്ന ഭയമാണ് ഇപ്പോഴത്തെ പോലിസ് കസ്റ്റഡിക്കു പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. ഒരു കൊലപാതകത്തിനെതിരേ ഹാലിളകുകയും നുണപ്രചാരണം നടത്തുകയും ചെയ്യുന്നവരുടെ കൊലപാതക പരമ്പരകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
എറണാകുളം മഹാരാജാസ് കോളജിലുണ്ടായ കാംപസ് സംഘട്ടനത്തിനിടെ അഭിമന്യു എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു സര്‍ക്കാരും പോലിസും അറസ്റ്റും റെയ്ഡുമായി സംസ്ഥാനത്ത് ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ സംസ്ഥാന പോലിസിനെതിരേ വ്യാപകമായ പരാതിയാണ് ഉയരുന്നത്. കേരളാ പോലിസ് സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ നിയന്ത്രണത്തിലല്ല എന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് ഒരു കാംപസ് സംഘട്ടനത്തിന്റെ പേരില്‍ സംസ്ഥാനവ്യാപകമായ പോലിസ് വേട്ട തുടരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിവന്നത് എസ്ഡിപിഐ ആയിരുന്നു.
അതുകൊണ്ടു തന്നെ സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷത്തിന്റെ റോളിലായിരുന്ന പാര്‍ട്ടിയുടെ മുന്നേറ്റം തടയേണ്ടത് സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അനിവാര്യതയായിരുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിലും സിപിഎമ്മും പോലിസും പ്രതിക്കൂട്ടിലാണ്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ നിന്നു ചര്‍ച്ച മാറ്റിവിടാനുള്ള ആസൂത്രിത ശ്രമവും ഇപ്പോഴത്തെ പോലിസ് അതിക്രമങ്ങള്‍ക്കു പിന്നിലുണ്ട്. ഗുരുതരമായ പോലിസ് അതിക്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുമ്പോഴും മുഖ്യമന്ത്രി അമേരിക്കയിലാണെന്നുള്ളത് സംഭവത്തിന്റെ ആസൂത്രണം കൂടുതല്‍ വ്യക്തമാവുകയാണ്.
ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി പാര്‍ട്ടി മുന്നേറ്റത്തെ തടയാനുള്ള രാഷ്ട്രീയ പകപോക്കല്‍ നടക്കുന്നതായി എസ്ഡിപിഐ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. അര്‍ധരാത്രി വീട്ടിലെത്തുന്ന പോലിസ് സംഘം അയല്‍വാസികളെ പോലും ഉറങ്ങാന്‍ അനുവദിക്കുന്നില്ല. സ്ത്രീകളുടെ ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട് എന്നിവ വാങ്ങിയാണ് മടങ്ങുന്നത്. സംസ്ഥാനം കണ്ടതില്‍വച്ച് ഏറ്റവും ജനാധിപത്യവിരുദ്ധ നടപടികളാണ് നടക്കുന്നതെന്നു സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it