Flash News

പോലിസ് അതിക്രമം തുടര്‍ക്കഥയാവുന്നു; പ്രതിഷേധം ശക്തം

എ  എം  ഷമീര്‍ അഹ്മദ്
തിരുവനന്തപുരം: സംസ്ഥാനത്തു തുടര്‍ച്ചയായി ഉണ്ടാവുന്ന പോലിസ് അതിക്രമങ്ങള്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും തീരാതലവേദനയാവുന്നു. കസ്റ്റഡി മര്‍ദനങ്ങളും കൊലയും വ്യാജ കേസുകള്‍ നിര്‍മിച്ച് നിരപരാധികളെ കുടുക്കുന്നതടക്കം നിരവധി സംഭവങ്ങളാണു സമീപകാലത്തായി മാത്രം പോലിസിനെതിരേ ഉയര്‍ന്നത്.
പോലിസ് വേട്ടയ്‌ക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളെന്നുകാട്ടി നിസ്സാരവല്‍ക്കരിക്കുകയാണ് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും. എന്നാല്‍ പ്രതിപക്ഷത്തിനൊപ്പം ഭരണകക്ഷി നേതാക്കളും പോലിസിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.
കസ്റ്റഡിയിലെ പോലിസ് പീഡനത്തില്‍ മനംനൊന്താണു കഴിഞ്ഞ ജൂലൈ 18ന് 19കാരനായ വിനായകന്‍ ആത്മഹത്യ ചെയ്തത്. അന്വേഷണത്തില്‍ പോലിസിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തി. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്. വിഷയത്തില്‍ നടപടിയാവശ്യപ്പെട്ടു മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ ഇവിടെ കരഞ്ഞൊന്നും കാണിക്കേണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചതായും വിനായകന്റെ പിതാവിന് പറയേണ്ടി വന്നു. പോലിസ് മര്‍ദനത്തെ തുടര്‍ന്നാണ് എറണാകുളം വാരാപ്പുഴയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടത്. വീടാക്രമണ കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറിനാണു ശ്രീജിത്തിനെ പോലിസ് പിടികൂടിയത്. മരണകാരണം ക്രൂരമര്‍ദനമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലിലെ കണ്ടെത്തല്‍. വാരാപ്പുഴ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമായി. എന്നാല്‍ അറസ്റ്റിന് ഉത്തരവിട്ട എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത കോട്ടയം സ്വദേശി കെവിനെ ഗുണ്ടാസംഘത്തിനു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ എല്ലാ സൗകര്യവും ചെയ്തു നല്‍കിയതു പോലിസാണെന്ന കണ്ടെത്തല്‍ ഞെട്ടലോടെയാണു കേരളം കേട്ടത്. എടപ്പാളില്‍ തിയേറ്ററില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച വ്യവസായിയെ രക്ഷിക്കാന്‍ പോലിസുകാര്‍ നടത്തിയ നീക്കവും പോലിസ് സേനയ്ക്കാകെ വലിയ നാണക്കേടുണ്ടാക്കി.
ബൈക്കില്‍ വാഹനം ഇടിച്ചത് ചോദ്യംചെയ്ത യുവാവിനെ മഫ്തിയില്‍ വാഹനത്തിലുണ്ടായിരുന്ന നാലു പോലിസുകാര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രിയും ഡിജിപിയും ആവര്‍ത്തിക്കുമ്പോഴാണു താക്കീതുകള്‍ക്ക് പുല്ലുവില നല്‍കി പോലിസ് അതിക്രമം സംസ്ഥാനത്ത് തുടരുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത മൊത്തം ക്രിമിനല്‍ക്കേസുകളില്‍ 20 ശതമാനം പോലിസുമായി ബന്ധപ്പെട്ടതാണെന്നാണു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. സംസ്ഥാനത്ത് നിലവില്‍ 1129 പോലിസുകാര്‍ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണ്. ഇതില്‍ 195 പേര്‍ എസ്‌ഐമാരും എട്ടു പേര്‍ സിഐമാരുമാണ്. ഡിഎസ്പി, എസിപി അടക്കം 10 പേര്‍ ഉന്നത റാങ്കുകാരാണ്. പോലിസുകാര്‍ പ്രതികളാവുന്ന കേസുകളിലെ നല്ലൊരു ശതമാനത്തിലും പ്രതികള്‍ രക്ഷപ്പെടുന്ന നിലയിലാണ് തുടര്‍ നടപടികള്‍ നടക്കുന്നത്. 2005ല്‍ തിരുവനന്തപുരം ഫോ ര്‍ട്ട് സ്‌റ്റേഷനില്‍ നടന്ന ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിന്റെ വിചാരണാ നടപടികള്‍ 13 വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയായിട്ടില്ല. 2010ല്‍ പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിലെ കസ്റ്റഡി മരണക്കേസിന്റെയും സ്ഥിതി ഇതുതന്നെയാണ്.
Next Story

RELATED STORIES

Share it