പോലിസ് അതിക്രമം: അന്വേഷണങ്ങളില്‍ ന്യൂനപക്ഷ കമ്മീഷന് അതൃപ്തി

കോഴിക്കോട്: പോലിസ് അതിക്രമങ്ങള്‍ സംബന്ധിച്ച മൂന്ന് പരാതികളില്‍ ജില്ലാ പോലിസിന്റെ അന്വേഷണ റിപോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ മുഖേന അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി പി കെ ഹനീഫയാണ് സംസ്ഥാന പോലിസ് മേധാവിക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സിവില്‍ കേസുകളില്‍ അനാവശ്യ പോലിസ് ഇടപെടലുകള്‍ വര്‍ധിക്കുന്നതില്‍ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. നാദാപുരം സ്റ്റേഷന്‍ പരിധിയില്‍ കോടതി വാറന്റ് റീകോള്‍ ചെയ്ത ശേഷവും പ്രതിയെ പോലിസ് പീഡിപ്പിച്ചതായ പരാതിയില്‍ നാദാപുരം ഡിവൈഎസ്പി സമര്‍പ്പിച്ച റിപോര്‍ട്ട് ശരിയായ അന്വേഷണം നടത്താതെയാണെന്നു ബോധ്യപ്പെട്ടതിനാല്‍ ജില്ലയ്ക്ക് പുറത്ത് എസ്പി റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് മൂന്ന് മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടു. അത്തോളി പോലിസിന്റെ അതിക്രമം സംബന്ധിച്ച് നല്‍കിയ പരാതിയില്‍ വടകര ഡിവൈഎസ്പിയുടെ റിപോര്‍ട്ടും തൃപ്തികരമല്ലാത്തതിനാല്‍ ജില്ലയ്ക്ക് പുറത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് മൂന്ന് മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. മുക്കം പോലിസ് അതിക്രമത്തിനെതിരേ പുത്തൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ഹരജിയിലെ എതിര്‍കക്ഷിയായ താമരശ്ശേരി ഡിവൈഎസ്പിയെ കൊണ്ട് തന്നെ അന്വേഷിപ്പിച്ച് ജില്ലാ പോലിസ് മേധാവി നല്‍കിയ റിപോര്‍ട്ട് കമ്മീഷന്‍ തള്ളി. വടകര മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മുടപ്പിലാവില്‍ സുന്നി കള്‍ച്ചറല്‍ സെന്ററിന്റെ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നല്‍കാത്തത് സംബന്ധിച്ച ഹരജി കമ്മീഷന്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it