പോലിസുകാരെക്കൊണ്ട് വ്യവസായ വകുപ്പ് ഡയറക്ടര്‍ അടിമപ്പണി ചെയ്യിക്കുന്നു

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: വ്യാവസായ വകുപ്പ് ഡയറക്ടറുടെ സ്വകാര്യ സുരക്ഷയ്ക്കായി നിയോഗിച്ച പോലിസ് ഉദ്യോഗസ്ഥരെക്കൊണ്ട് വീട്ട് ജോലി ചെയ്യിക്കുന്ന നടപടി വിവാദമാവുന്നു. ഡിജിപി സെന്‍കുമാറിന്റെ ഉത്തരവ് ലംഘിച്ചാണ് തൃശൂര്‍ തിരുവനന്തപുരം ജില്ലകളില്‍ കലക്ടറും കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും ഇപ്പോള്‍ വ്യവസായ വകുപ്പ് ഡയറക്ടറുമായ ഉദ്യോഗസ്ഥന്‍ പോലിസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത്.
പോലിസിലെ ഭരണപക്ഷ അനുകൂല സംഘടനയിലെ നാലു കീഴുദ്യോഗസ്ഥരെയാണ് തനി വേലക്കാരാക്കി മാറ്റിയത്. വീട്ടിലേക്കുള്ള പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങിപ്പിക്കുന്നത് വകുപ്പിലെ ഒരു ഇന്‍സ്‌പെക്ടറും മൂന്നു ക്ലാര്‍ക്കുമാരും ഉള്‍പ്പെട്ട സംഘത്തെ ഉപയോഗിച്ചാണ്. ഇവരെക്കൊണ്ട് തന്റെയും ഭാര്യയുടെയും വസ്ത്രം അലക്കിക്കുകയും അടുക്കളയും ബാത്ത്‌റൂമും കഴുകിക്കുകയും ചെയ്തതോടെയാണ് ജീവനക്കാര്‍ ഇടഞ്ഞത്. സാധാരണയായി ചില ഉന്നത പൊലിസ് ഉദ്യോഗസ്ഥരാണ് ഓര്‍ഡര്‍ലികളായ പോലിസുകാരെക്കൊണ്ട് അടുക്കളപ്പണി ചെയ്യിപ്പിക്കുന്നതായി പരാതികള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരേ ആദ്യമായാണ് ഇത്തരത്തില്‍ പരാതി ഉയരുന്നത്.
എന്നാല്‍, ഭരണമാറ്റം ഉണ്ടാവുമെന്ന വിശ്വാസത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കീഴ്ജീവനക്കാരുടെ ശുപാര്‍ശകള്‍ ഇദ്ദേഹം അംഗീകരിക്കാതെ വന്നതോടെയാണ് വീട്ടുപണി പുറത്തറിയിക്കാന്‍ നാല്‍വര്‍സംഘം തീരുമാനിച്ചത്. തലസ്ഥാനത്തെ എഎഎസ് ഉദ്യോഗസ്ഥര്‍ താമസിക്കാറുള്ള കോളനിയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. പിന്നീട് അവിടെ നിന്നു മാറിയശേഷം പുതിയ താമസ സ്ഥലത്തെത്തിയപ്പോഴാണ് കീഴുദ്യോഗസ്ഥരെ അടുക്കളപ്പണിക്കു നിയോഗിച്ചത്. ഇദ്ദേഹം തൃശൂരില്‍ ഡെപ്യൂട്ടി കലക്ടറായും പിന്നീട് അവിടെത്തന്നെ കലക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു. സേവനത്തിനിടയില്‍ ഇദ്ദേഹത്തിന്റെ പീഡനത്തില്‍ മനംനൊന്ത ഒരു കീഴ്ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതായി കേസ് ഉണ്ടായിരുന്നു. ഈ കേസ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്. അധികാരകേന്ദ്രങ്ങളില്‍ ഉന്നത സ്വാധീനമുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. വീട്ടുപണിക്കെതിരേ പോലിസുകാര്‍ ഡിജിപിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ക്കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it