Flash News

പോലിസുകാരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തില്ല



ഷാജി പാണ്ട്യാല

തലശ്ശേരി: സംസ്ഥാന പോലിസ് സേനയിലെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇതുവരെ വിതരണം ചെയ്തില്ല. 40,000ഓളം വരുന്ന സേനാംഗങ്ങളുടെ ബയോഡാറ്റ സംസ്ഥാന പോലിസ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടും രണ്ടു തവണ അപേക്ഷകള്‍ മടക്കി. ഇതുസംബന്ധിച്ച് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനെതിരേ സേനയ്ക്കുള്ളില്‍ വിമര്‍ശനം ശക്തമാണ്. അപേക്ഷകള്‍ പോലിസ് സേനയിലെ ബന്ധപ്പെട്ടവര്‍ക്ക് ഓണ്‍ലൈനായി അയച്ചുകൊടുത്തിട്ടും സാങ്കേതികമോ വിവരങ്ങള്‍ നല്‍കുന്നതിലെ പാകപ്പിഴകളോ ഉള്‍പ്പെടെ എന്തു കാരണത്താലാണ് ഫോറങ്ങള്‍ തിരിച്ചയച്ചതെന്ന് ഒരു വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ല. 1957നു ശേഷം ഇതാദ്യമായാണ് സേനാംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വൈകുന്നത്. സാധാരണ നിലയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരാണ് തിരിച്ചറിയല്‍ കാര്‍ഡ് അതത് മേഖലയില്‍ വിതരണം ചെയ്യുക. സംസ്ഥാനത്തിന്റെ പൊതുരീതി ഇതായിരിക്കെ നടാടെ ഐഡി കാര്‍ഡ് നല്‍കുന്നതിനുള്ള വിവരശേഖരണം സംസ്ഥാനതലത്തിലേക്കു മാറ്റുകയായിരുന്നു. ഇതിന്റെ ഫലമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഐഡി കാര്‍ഡുകള്‍ വിതരണം നല്‍കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള അധികാരം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു. നേരത്തേ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി സേനയില്‍ ഉണ്ടായിരുന്നില്ല. പകരം അഭിഭാഷകര്‍ സനദ് സ്വീകരിക്കുന്നതുപോലെ പരിശീലനം കഴിഞ്ഞ പോലിസുകാരന്‍ തോക്ക് പിടിച്ച് സനദ് ചെയ്താണ് തന്റെ സര്‍വീസ് ഉദ്യോഗം ആരംഭിച്ചിരുന്നത്. എന്നാല്‍, കാലം മാറുകയും സേനയില്‍ വിവിധ പരിഷ്‌കാരങ്ങള്‍ വരുത്തുകയും ചെയ്തതിന്റെ ഭാഗമായാണ് ഐഡി കാര്‍ഡ് വിതരണം ആരംഭിച്ചിരുന്നത്. ഇങ്ങനെ ആരംഭിച്ച ഐഡി കാര്‍ഡ് വിതരണമാണ് തടസ്സപ്പെട്ടത്. കാര്‍ഡ് പ്രിന്റ് ചെയ്യുന്നതില്‍ സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കമോ അല്ലെങ്കില്‍ കമ്മീഷന്‍ വ്യവസ്ഥയിലുള്ള വ്യക്തതയില്ലായ്മയോ ആണ് അപേക്ഷാ ഫോറങ്ങള്‍ മടക്കിയയക്കാന്‍ കാരണം.
Next Story

RELATED STORIES

Share it