kozhikode local

പോലിസുകാരന്റെ മക്കളെ കൊല്ലാന്‍ പോലിസുകാരന്‍ ശ്രമിച്ചെന്ന് പരാതി

കോഴിക്കോട്: സിറ്റി എആര്‍ ക്യാമ്പിലെ തിരുവനന്തപുരം സ്വദേശിയായ പോലിസുകാരന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍മക്കളെ ഫറോക്ക് സ്‌റ്റേഷനിലെ ഒരു പോലിസുകാരന്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. കുട്ടികളുടെ അച്ഛന്‍ സിററി ട്രാഫിക്കില്‍ നല്‍കിയ പരാതി സിറ്റി പോലിസ് ചീഫ് പി എ വല്‍സന്‍ നേരിട്ട് ഇടപെട്ട് പരിശോധിച്ചു. തുടര്‍ന്ന് ഇന്നലെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പി എ വല്‍സന്‍ വ്യക്തമാക്കി. പരാതി ഒത്തുതീര്‍പ്പാക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി വാര്‍ത്ത വന്നതിടെ തുടര്‍ന്നാണ് നടപടി.വ്യാഴാഴ്ചയാണ് കുട്ടികളുടെ അച്ഛനായ പോ ലിസുകാരന്‍ സിറ്റി ട്രാഫിക്കില്‍ പരാതി നല്‍കിയത്.
ഇയാള്‍ നേരത്തെ ചേവായൂര്‍ പോലിസിലും സിറ്റി എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കും നല്‍കിയ പരാതികളിലാണ് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നത്. ഇതിനായി എആര്‍ ക്യാമ്പിലെ ചില പോലിസുകാര്‍ തന്നെ ശ്രമം നടത്തുകയുണ്ടായി. ഇക്കഴിഞ്ഞ നവംബര്‍ 17 ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വെളളിമാടുകുന്ന് ജെഡിടി സ്‌കൂളില്‍ ഒമ്പതാം കഌസിലും അഞ്ചാംകഌസിലും പഠിക്കുന്ന രണ്ട് കുട്ടികളെയാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. ഫറോക്ക് പോലിസുകാരനെതിരെ നേരത്തേയുളള മേലുദ്യോഗസ്ഥരുടെ രണ്ട് അന്വേഷണങ്ങളില്‍ എതിരായി മൊഴി നല്‍കിയതിന്റെ വിരോധം വച്ചാണ് തന്റെ മക്കളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം നടത്തിയതെന്നാണ് പോലിസുകാരന്റെ പരാതി. ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ 23 ന് പരാതി നല്‍കിയെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് കുട്ടികളുടെ അച്ഛന്റെ ആക്ഷേപം.
Next Story

RELATED STORIES

Share it