wayanad local

പോലിസും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം: ഓപണ്‍ ഫോറം

മീനങ്ങാടി:  പോലിസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും നീതി നിര്‍വഹണത്തില്‍ പോലിസിന്റെ ഇടപെടല്‍ ജനപക്ഷത്ത് നിന്നുകൊണ്ടാവണമെന്നും കേരളാ പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മീനങ്ങാടിയില്‍ നടത്തിയ ഓപണ്‍ ഫോറത്തില്‍ അഭിപ്രായമുയര്‍ന്നു. 'പൊതു മനസ്സിലെ പോലിസ്- മിഥ്യകള്‍, യാഥാര്‍ഥ്യങ്ങള്‍' എന്ന വിഷയത്തിലായിരുന്നു ഓപണ്‍ ഫോറം.
പോലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊതുജനങ്ങളും ചര്‍ച്ചയില്‍ പങ്കാളികളായി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ ഉദ്ഘാടനം ചെയ്തു. കെപിഒഎ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ഷെരീഫ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു മോഡറേറ്ററായി. കെപിഒഎ ആരംഭിച്ച ഓപണ്‍ഫോറം മറ്റ് വകുപ്പുകളിലെ ഓഫിസര്‍മാര്‍ക്കും പ്രചോദനമാവേണ്ടതാണെന്നു കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം അഭിപ്രായപ്പെട്ടു.
പൊതുജനങ്ങളുടെ മനസ്സില്‍ കയറിക്കൂടാന്‍ പോലിസിന് കഴിയണം. ഇതിന് ജനത്തെ അറിയുന്ന മനസ്സാണ് ആവശ്യം. കവലച്ചട്ടമ്പിയുടേത് പോലുള്ള പെരുമാറ്റവും ഭാഷയും ഇപ്പോള്‍ പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവാത്തതു ശ്രദ്ധേയമായ മാറ്റമാണ്. അഴിമതിയുടെ തോത് പോലിസില്‍ കുറഞ്ഞിട്ടുണ്ട്.
പോലിസുകാര്‍ അധിക സമയവും സ്‌റ്റേഷനില്‍ തന്നെ ഇരിക്കാതെ പുറത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും ഇടപെടണം. പോലിസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാല്‍നൂറ്റാണ്ടിനിടെ ആശാവഹമായ പുരോഗതി ഉണ്ടായതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സൈനിക മേധാവി പോലും മതനിരപേക്ഷതയ്‌ക്കെതിരേ സംസാരിക്കുമ്പോള്‍ പോലിസിന്റെ മതനിരപേക്ഷ നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ കെ ജോണി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് പോലിസിന് സമൂഹത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയണം.
സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വഴങ്ങേണ്ടവരല്ല പോലിസുകാര്‍. ജനങ്ങളുടെ പൗരാവകാശവും മൗലികാവകാശവും സംരക്ഷിക്കാന്‍ പോലിസിന് ബാധ്യതയുണ്ട്.
മാധ്യമങ്ങളെ ശത്രുപക്ഷത്ത് കാണുന്ന നിലപാടില്‍ നിന്നു പോലിസ് മാറണമെന്ന് വയനാട് പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി ഒ ഷീജ പറഞ്ഞു.
Next Story

RELATED STORIES

Share it