പോലിസും കംപ്ലെയ്ന്റ്‌സ് അതോറിറ്റിയും തുറന്നപോരില്‍

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിയും കേസ് അന്വേഷണം നടത്തുന്ന പോലിസും തമ്മില്‍ തുറന്ന പോരിലേക്ക്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഐജി മഹിപാല്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടാന്‍ പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് അവകാശമില്ല. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം കൂടിയാണ് ജിഷ കൊലപാതകക്കേസ്. ഈ മാസം 30ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സി അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും ഐജി മഹിപാല്‍ യാദവ് പറഞ്ഞു. ജിഷ വധക്കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലിസ് വീഴ്ച വരുത്തിയെന്ന് കാണിച്ച് അഭിഭാഷകനായ ബേസില്‍ കുര്യാക്കോസ് നേരത്തേ പോലിസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി മുമ്പാകെ ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച് പോലിസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ്, അഞ്ച് പോലിസ് ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഇവര്‍ ഹാജരാവാതെ അഭിഭാഷകന്‍ മുഖേന വിശദീകരണം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, വിശദീകരണം തള്ളിയ അതോറിറ്റി ചെയര്‍മാന്‍ പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജിഷ കൊലപാതകക്കേസില്‍ പോലിസ് എന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കുറ്റപ്പെടുത്തിയിരുന്നു. തികഞ്ഞ ലാഘവത്തോടെയാണ് പോലിസ് ജിഷ വധക്കേസ് കൈകാര്യം ചെയ്തതെന്ന് ബോധ്യമായതിനാലാണ് അതോറിറ്റി ഇടപെടുന്നതെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു. പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ചകള്‍ സംബന്ധിച്ച അന്വേഷണത്തിനാണ് പോലിസ് കംപ്ലയ്ന്റ് അതോറിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും നാരായണകുറുപ്പ് ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it