പോലിസില്‍ വിശ്വാസമില്ല: ശ്രീജിത്തിന്റെ കുടുംബം

കൊച്ചി: പോലിസ് നടത്തുന്ന അന്വേഷണത്തില്‍ നീതി ലഭിക്കുമെന്നു കരുതുന്നില്ലെന്നു വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബം.
കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതിന്റെ പിന്നാലെയാണു കുടുംബം പ്രതികരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഐജി ശ്രീജിത്ത് വല്ലാര്‍പാടത്തെത്തിയത്. ശ്രീജിത്തിന്റെ മാതാപിതാക്കളില്‍ നിന്നും ഭാര്യയില്‍ നിന്നും ഭാര്യാ പിതാവില്‍ നിന്നും പോലിസ് മൊഴി രേഖപ്പെടുത്തി. ഒരു മണിക്കൂേറാളമെടുത്ത് കുടുംബത്തിനു പറയാനുള്ളത് മുഴുവനും കേട്ട ശേഷമാണ് ഐജി മടങ്ങിയത്. എന്നാല്‍ പോലിസില്‍ നിന്നു നീതി ലഭിക്കുമോ എന്ന് തീര്‍ച്ചയില്ലെന്നു ഭാര്യാ പിതാവ് പ്രദീപ് പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
നിലവില്‍ കേസിന്റെ ഗതി തങ്ങള്‍ക്ക് അനുകൂലമല്ല. പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമേറ്റാണു ശ്രീജിത്ത് മരിച്ചതെന്നതിന് ഏറെ തെളിവുണ്ടായിട്ടും കുറ്റക്കാരനായ സബ് ഇന്‍സ്‌പെക്ടര്‍ ദീപക്കിനെ സംരക്ഷിക്കുന്ന നിലപാടാണു പോലിസ് സ്വീകരിക്കുന്നത്.
ദീപക്കിനെതിരേ നടപടിയെടുക്കണമെന്നതാണ് ആദ്യ ആവശ്യമെന്നും ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു.
ശ്രീജിത്തിന്റെ സഹോദരന്‍ സുജിത്തിന് ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നിലും പോലിസ് പ്രവര്‍ത്തിച്ചതായി സംശയിക്കുന്നു. ഐജി ശ്രീജിത്തിന്റെ സമീപനത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. എന്നാല്‍ കേസില്‍ നിലവില്‍ പോലിസിന് ശക്തമായ പിന്തുണയുമായി സിപിഎം പ്രവര്‍ത്തിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ അന്വേഷണ സംഘത്തില്‍ സ്വാധീനം ചെലുത്തുവാന്‍ സിപിഎമ്മിന് സാധിക്കും. അതുകൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്നോ, പോലിസില്‍ നിന്നോ നീതി ലഭിക്കുമെന്നു കരുതുന്നില്ലെന്നും പ്രദീപ് പറഞ്ഞു.
Next Story

RELATED STORIES

Share it