palakkad local

പോലിസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍



ആനക്കര: സംസ്ഥാന പോലിസില്‍ ഇപ്പോഴുള്ള വനിതാ പ്രാതിനിധ്യം 6 ശതമാനം എന്നത് 25ശതമാനമാക്കി ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റ ലക്ഷ്യമാന്നെന്ന് മന്ത്രി എ കെ ബാലന്‍. ജനമൈത്രി സംവിധാനം പോലിസ് രംഗത്ത് വ്യാപിപ്പിക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. തൃത്താല പോലിസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗിച്ചാല്‍ വലിയ മാറ്റം ക്രമസമാധാന രംഗത്ത് ഉണ്ടാക്കാന്‍ കഴിയും. വി ടി ബല്‍റാം എംഎല്‍എ അധ്യക്ഷതവഹിച്ചു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് തൃത്താല പോലിസ് സ്റ്റേഷന് ശിലയിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ പോലിസ് ആധുനികവല്‍കരണ ഫണ്ടില്‍നിന്ന് 73.5 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 28.5 ലക്ഷം രൂപയും അടക്കം ഒരുകോടി രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക പോലിസ് മന്ദിരത്തിന്റെ നിര്‍മാണം. ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയമായി സ്റ്റേഷനെ ഉയര്‍ത്താനും സാധിക്കും. 1985ലാണ് ഭാരതപ്പുഴയുടെ തീരത്ത് തൃത്താല പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന്, 1997ല്‍ തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കുകയായിരുന്നു. അന്നുമുതല്‍ അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടിയാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം നടന്നിരുന്നത്. പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാര്‍, എഎസ് സുധീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെനാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി എം പുഷ്പജ, എ കൃഷ്ണകുമാര്‍, കെ വി ഹിളര്‍, എം പി സുജാത, വി കെ ചന്ദ്രന്‍, വി ടി ഹംസ, പി വി മുഹമ്മദ്, കെ വി ദിവാകരന്‍, യു ടി ഹൈദ്രോസ്, നൂര്‍മുഹമ്മദ്, സത്യന്‍, ഷൊര്‍ണ്ണൂര്‍ ഡിവെഎസ്പി കെ എം സെയ്താലി പങ്കെടുത്തു.
Next Story

RELATED STORIES

Share it