Flash News

പോലിസില്‍ പോര് : ഡിജിപി സെന്‍കുമാറിനെതിരേ ജീവനക്കാരിയുടെ പരാതി



തിരുവനന്തപുരം: പോലിസ് മേധാവിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം മുന്‍ പോലിസ് മേധാവിയുടെ ഉത്തരവുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് ടി പി സെന്‍കുമാര്‍. ലോക്‌നാഥ് ബെഹ്‌റ നല്‍കിയ പല പ്രധാന ഉത്തരവുകളും റദ്ദാക്കിയ സെന്‍കുമാര്‍, എല്ലാ പോലിസ് സ്‌റ്റേഷനുകളിലും പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോലിസ് ആസ്ഥാനത്തെ അഡീഷനല്‍ എഐജി ഹരിശങ്കറിനാണ് അന്വേഷണച്ചുമതല. വകുപ്പിലെ ടി സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റിയതിനൊപ്പം പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും സെന്‍കുമാര്‍ ഉത്തരവിട്ടു. ഇയാള്‍ ഓഡിറ്റിങ്ങില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ബെഹ്‌റ വെറും അന്വേഷണത്തിനാണ് ഉത്തരവിട്ടിരുന്നത്. ഭരണകക്ഷി എംഎല്‍എയെ ഒരാള്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താനും ഡിജിപി നിര്‍ദേശം നല്‍കി. 14 വര്‍ഷത്തോളം സ്‌റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്ത കോണ്‍സ്റ്റബിളിനെ  അവിടെനിന്നു മാറ്റിയ ബെഹ്‌റയുടെ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കി. നിയമസഭയില്‍ പോലിസിന്റെ ലെയ്‌സണ്‍ ജോലി ചെയ്തിരുന്ന ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനെ മാറ്റിയ ഉത്തരവും റദ്ദാക്കി. അതിനിടെ, പെയിന്റ് വിവാദത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര സെക്രട്ടറിക്ക് തന്റെ നിലപാട് വിശദീകരിച്ചു കത്ത് നല്‍കി. 2015ല്‍ ടി പി സെന്‍കുമാര്‍ ഡിജിപിയായിരുന്ന സമയത്താണ് എല്ലാ പോലിസ് സ്‌റ്റേഷനുകളും ഒരേ നിറമാക്കാന്‍ തീരുമാനിച്ചത്. പൈലറ്റ് പദ്ധതിക്കായി പേരൂര്‍ക്കട സ്‌റ്റേഷനെ തിരഞ്ഞെടുക്കുകയും ചെയ്തു. അന്നത്തെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി അനില്‍ കാന്തിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരിശോധന നടത്തി സംതൃപ്തി രേഖപ്പെടുത്തിയശേഷമാണ് എല്ലാ ജില്ലാ പോലിസ് മേധാവികള്‍ക്കും പുതിയ പെയിന്റടിക്കാന്‍ ശുപാര്‍ശ നല്‍കിയത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ബെഹ്‌റ കത്തില്‍ പറഞ്ഞു.അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റിയെന്ന് ആരോപിച്ച് പോലിസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥ ഡിജിപിക്കെതിരേ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കി. പോലിസിന്റെ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് വി എസ്  ബീനാകുമാരിയാണ് പരാതിക്കാരി. ഡിജിപി പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബീനയ്ക്കു പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി എസ് സജീവ് ചന്ദ്രനെ നിയമിച്ചാണ് സെന്‍കുമാര്‍ ആദ്യം ഉത്തരവിറക്കിയത്. എന്നാല്‍, അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ച് പുതിയ ഉത്തരവിറക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി എട്ടുമാസം മുമ്പ് പോലിസ് ആസ്ഥാനത്തുനിന്ന് എസ്എപിയിലേക്കു മാറ്റിയ ഉദ്യോഗസ്ഥനാണു സുരേഷ് കൃഷ്ണ.
Next Story

RELATED STORIES

Share it