പോലിസില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ല

എച്ച് സുധീര്‍

തിരുവനന്തപുരം: പോലിസ് സേനയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തത് ക്രമസമാധാനപാലനത്തെ ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ 3657 തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കണമെന്നുള്ള ഡിജിപിയുടെ നിര്‍ദേശത്തിലും നടപടിയായില്ല. കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാനപാലനത്തിന് സംസ്ഥാനത്തെ പോലിസ് സേനയില്‍ തന്നെ അംഗബലം കുറവാണെന്ന പരാതികള്‍ നിലനില്‍ക്കെയാണ് ഡ്രൈവര്‍ തസ്തികയിലും ആളില്ലാതായത്.
ബോട്ടും മോട്ടോര്‍ സൈക്കിളും ഉള്‍പ്പടെ 7277 വാഹനങ്ങളാണ് കേരള പോലിസിന്റെ കൈവശമുള്ളത്. ഇതില്‍ 6226 വാഹനങ്ങളാണ് പ്രവര്‍ത്തന സജ്ജമായുള്ളത്. ഇത്രയേറെ വാഹനമുണ്ടായിട്ടും ആകെ 2601 പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികകളാണ് വിവിധ ജില്ലകളിലുള്ളത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പോലിസില്‍ 3657 ഡ്രൈവര്‍മാരുടെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപി കഴിഞ്ഞ ജൂലൈ 16ന് സര്‍ക്കാരിന് പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം പരിശോധിച്ചുവരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ അനുകൂലമായൊരു തീരുമാനത്തിന് ഇനി സാധ്യതയുമില്ല.
ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതു കാരണം ലൈസന്‍സുള്ള പോലിസുകാരെയാണ് ഡ്രൈവര്‍ ജോലിക്കായി ഇപ്പോള്‍ നിയോഗിച്ചുവരുന്നത്. ഇതുകാരണം, രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ക്രമസമാധാന പരിപാലനത്തിന് ആവശ്യത്തിന് പോലിസുകാരില്ലാത്ത സാഹചര്യമുള്ളതായി പരാതിയുണ്ട്. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തസ്തിക നിലവിലില്ലാത്തതിനാലാണ് നിശ്ചിത യോഗ്യതയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി നല്‍കിവരുന്നതെന്നാണ് ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. പോലിസ് സേനാംഗങ്ങള്‍ക്ക് പരിശീലന കാലയളവില്‍ വാഹനം ഓടിക്കുന്നതിനുള്ള പരിശീലനവും ലൈസന്‍സും നല്‍കുന്നുണ്ട്. ഡ്രൈവറുടെ അഭാവത്തില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് പതിവ്. അതേസമയം, പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ നിലവിലുണ്ടായിരുന്ന 483 ഒഴിവുകള്‍ പിഎസ്‌സിയിലേക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും നടപടികള്‍ വൈകുകയാണെന്ന് ആക്ഷേപമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 2014ല്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് പിഎസ്‌സിയുടെ റാങ്ക്‌ലിസ്റ്റ് നിലവില്‍ വന്നിരുന്നു. 2881 പേരാണ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ തിരുവനന്തപുരത്ത് 130 പേര്‍ക്കും കാസര്‍കോട് 114 പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കി. പത്തനംതിട്ട- 43, ഇടുക്കി- 49, എറണാകുളം- 57, തൃശൂര്‍- 21, മലപ്പുറം- 73 എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ നിയമന ശുപാര്‍ശ നല്‍കിയത്.
Next Story

RELATED STORIES

Share it