പോലിസിലെ അടിമപ്പണിയുടെ ദുരന്തം പേറി ക്യാംപ് ഫോളോവേഴ്‌സ്‌

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: പോലിസ് ക്യാംപുകളിലെ അലക്ക്, വെള്ളം കോരല്‍, പാചകം, മുടിമുറിക്കല്‍, തൂപ്പ്, തുടപ്പ് തുടങ്ങിയ ജോലി ചെയ്യുന്നവരാണ് ക്യാംപ് ഫോളോവേഴ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അടിമത്തൊഴിലാളി കള്‍. സംസ്ഥാനത്ത് യാതൊരു ആനുകൂല്യവുമില്ലാത്ത കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ഈ വിഭാഗത്തില്‍പ്പെട്ട 980 പേരാണുള്ളത്. പിഎസ്‌സിയിലൂടെയാണ് നിയമിക്കപ്പെടുന്നതെങ്കിലും അതിനനുസരിച്ചുള്ള ആനുകൂല്യങ്ങളൊന്നും ഈ വിഭാഗത്തിനു ലഭിക്കുന്നില്ല.
പോലിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടുക്കളപ്പണിക്കും അടിമവേലയ്ക്കും വരെ ഇവര്‍ ഇന്നും വിധേയരാക്കപ്പെടുന്നു. ഇവരുടെ അവകാശസംരക്ഷണത്തിനായി രൂപീകരിച്ച കേരള പോലിസ് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തു.
കഴിഞ്ഞമാസം സെക്രേട്ടറിയറ്റിനു മുമ്പില്‍ ഇവര്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. വരുംദിവസങ്ങളില്‍ കുടുംബസമേതം കലക്ടറേറ്റുകള്‍ക്കും പോലിസ് ക്യാംപുകള്‍ക്കും മുമ്പില്‍ നിരാഹാരസമരം നടത്താനാണു തീരുമാനം. സേവന, വേതന വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്കു ന്യായമായ കൂലിയോ ആനുകൂല്യങ്ങളോ ഇക്കാലമത്രയും ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം അനങ്ങാപ്പാറ നയമാണു സ്വീകരിച്ചിരുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു. 10 പോലിസുകാര്‍ക്ക് ഒരു ക്യാംപ് ഫോളോവര്‍ എന്നതാണ് നിയമം. സംസ്ഥാനത്ത് ഇപ്പോള്‍ 55,000 പോലിസുകാരാണ് ഉള്ളത്. അതിനാല്‍ 5,500 തൊഴിലാളികള്‍ വേണ്ട സ്ഥാനത്ത് ഇപ്പോഴുള്ളത് ആയിരത്തില്‍ കുറവാണ്. അതിനാല്‍ ഓരോരുത്തരും അഞ്ചിരട്ടി ജോലി ചെയ്യേണ്ടിവരും.  ശമ്പളക്കമ്മീഷന്‍ നിര്‍ദേശമനുസരിച്ചുള്ള അലവന്‍സുകളൊന്നും ലഭിക്കാറില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന് 1500, അവധി ദിവസത്തെ ജോലിക്ക് 400, മുടിവെട്ടുന്നതിന് 100, ആഹാരത്തിന് 500, മലയോര മേഖലയിലെ ജോലിക്ക് 500, യൂനിഫോം അലവന്‍സായി 4000 എന്നിങ്ങനെ കടലാസുകളില്‍ വലിയ തുകകളുണ്ടെങ്കിലും കൈയില്‍ കിട്ടുന്നത് തുച്ഛസംഖ്യമാത്രമെന്ന് ഇവര്‍ പരാതിപ്പെടുന്നു. ശമ്പളത്തിന്റെ 10 ശതമാനം വീട്ടുവാടകയായി ലഭിക്കണം. എന്നാല്‍ നല്‍കുന്നത് 800 രൂപ മാത്രം. റിസ്‌ക് അലവന്‍സും നാമമാത്രം. അവധിദിവസം പോലും കൃത്യമായി ലഭിക്കാറില്ല. ബന്ധുക്കളുടെ മരണത്തില്‍പോലും പങ്കെടുക്കാന്‍ കഴിയാറില്ല. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ അരി മുതലുള്ള സാധനങ്ങള്‍ എത്തിക്കല്‍ മുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കല്‍ വരെ ഇവരാണു നടത്തുന്നത്. ഇവരെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന വിവിധ കമ്മീഷനുകളുടെ ഉത്തരവുകള്‍ ഇനിയും നടപ്പായിട്ടില്ല. പ്രത്യേക പദവി അനുവദിച്ചുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയും നടപ്പാക്കിയിട്ടില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാംപ് ഫോളോവേഴ്‌സിന് സേവന, വേതന വ്യവസ്ഥ നടപ്പാക്കണമെന്ന കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തിരുന്നു. എന്നാല്‍ പോലിസിലെ ഉന്നതര്‍ അതും അട്ടിമറിച്ചിരിക്കുകയാണ്.
ഇതാണ് ഈ വിഭാഗത്തില്‍ ജോലിചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ലഭിച്ച ആനുകൂല്യങ്ങള്‍ നിലനിര്‍ത്താനും അനുവദിച്ച ആനുകൂല്യങ്ങള്‍ നടപ്പില്‍വരുത്താനുമായി സമര രംഗത്തിറങ്ങാന്‍ കാരണമാവുന്നത്.
Next Story

RELATED STORIES

Share it