പോലിസിലെ അടിമപ്പണികൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക്എതിരേ പരാതി

തിരുവനന്തപുരം: സായുധസേനാ തലവനായിരുന്ന എഡിജിപി സുധേഷ്‌കുമാര്‍ ക്യാംപ് ഫോളോവേഴ്‌സിനെ വീട്ടിലെ അടിമപ്പണിക്ക് നിയോഗിച്ചത് വിവാദമായതിന് പിന്നാലെ മറ്റുചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും സമാന ആരോപണങ്ങള്‍. എസ്എപി ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരെയാണ് പുതിയ പരാതി. വീട്ടില്‍ ടൈല്‍ പാകാന്‍ രണ്ട് ക്യാംപ് ഫോളോവേഴ്‌സിനെ ഇദ്ദേഹം വിളിച്ചുവരുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ അവരെ തിരിച്ചയച്ചതായി പോലിസ് അസോസിയേഷന്‍ ആരോപിച്ചു. ഇതിനെതിരേ പരാതി നല്‍കുമെന്നും സംഘടന അറിയിച്ചു. സുധേഷ് കുമാറിന് മുമ്പ് സായുധസേനാ തലവനായിരുന്ന എഡിജിപി നിതിന്‍ അഗര്‍വാള്‍ ക്യാംപ് ഫോളോവേഴ്‌സിനെ വീട്ടുപണിക്ക് ഉപയോഗിച്ചിരുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. എഡിജിപിയുടെ വീട്ടിലെ പട്ടിയെ പോലിസുകാരെ ഉപയോഗിച്ച് കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏതാണ്ട് ഒരു വര്‍ഷത്തിന് മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അന്ന് പോലിസുകാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. അതിനിടെ എഡിജിപി സുധേഷ്‌കുമാറിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ക്യാംപ് ഫോളോവേഴ്‌സ് രംഗത്തെത്തി. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാംപ് ഫോളോവര്‍ ആരോപിച്ചു. വീട്ടുജോലിക്കെത്താന്‍ വൈകിയതിന് മര്‍ദിക്കാന്‍ ശ്രമിച്ചു. തന്നെ പട്ടിയെ കൊണ്ട് കടിപ്പിക്കുമെന്ന് എഡിജിപി ഭീഷണിപ്പെടുത്തിയതായും തന്നെയും കുടുംബത്തെയും അധിക്ഷേപിച്ച് സംസാരിക്കുന്നത് പതിവായിരുന്നെന്നും ക്യാംപ് ഫോളോവര്‍ വെളിപ്പെടുത്തി. ഏതാനും മാസം മുമ്പ് സുധേഷ് കുമാറിന്റെ വീട്ടിലെത്തിയ തിരുവനന്തപുരം ഡോഗ് സ്‌ക്വാഡിലെ ഒരു പോലിസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവവും വിവാദമായിരുന്നു. താമസിച്ചതിന്റെ പേരില്‍ ശകാരവും ഭീഷണിയും നേരിട്ട പോലിസുകാരനെ മൂന്നാംദിവസമാണ് എഡിജിപിയുടെ വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. പോലിസുകാരന്‍ ദിവസങ്ങളോളം ചികില്‍സയിലായിരുന്നെങ്കിലും പുറംലോകമറിയാതെ ഒതുക്കുകയായിരുന്നു. ഒരു ദിവസം ജോലിചെയ്താല്‍ അടുത്ത രണ്ടുദിവസം വിശ്രമിക്കാമെന്നതിലാണ് ക്യാംപ് ഫോളോവര്‍മാരാവാന്‍ പലരും താല്‍പര്യം കാട്ടുന്നത്. അതേസമയം കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പോലിസ് സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ ഉടനെ വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി. എല്ലാ ജില്ലകളിലുമുള്ള പരാതികളില്‍ നടപടി എടുക്കേണ്ട ചുമതല സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ക്കാണ്. പരാതികള്‍ ഡിജിപിയുടെ ഓഫിസില്‍ റിപോര്‍ട്ട് ചെയ്യാനും ഡിജിപി ബെഹ്‌റയുടെ നിര്‍ദേശമുണ്ട്. അതിനിടെ ക്യാംപ് ഫോളോവേഴ്‌സിനെക്കൊണ്ട് അടിമപ്പണി ചെയ്യിക്കാറില്ലെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി സഭയെ തെറ്റിധരിപ്പിച്ചതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
Next Story

RELATED STORIES

Share it