പോലിസിലും നീതിന്യായവ്യവസ്ഥയിലും ഗൗരവതരമായ മാറ്റം ആവശ്യമാണെന്ന്

കൊച്ചി: പോലിസിലും നീതിന്യായ വ്യവസ്ഥയിലും ഗൗരവതരമായ മാറ്റം ആവശ്യമാണെന്ന് സുപ്രിംകോടതി അഭിഭാഷകനും സ്വരാജ് അഭിയാന്‍ നേതാവുമായ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും നീതിലഭിക്കാത്ത അവസ്ഥയാണ് ഇന്നു നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും എന്ന വിഷയത്തി ല്‍ ജസ്റ്റിഷ്യയുടെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലഹരണപ്പെട്ട നിയമങ്ങളാണ് ഇന്നും രാജ്യത്തെ നയിക്കുന്നത്. പല നിയമങ്ങളും പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. ഒട്ടേറെ നിരപരാധികള്‍ നീതി കാത്ത് ജയിലില്‍ കഴിയുന്നു. പോലിസ് എന്നത് ജനങ്ങള്‍ക്ക് പേടിസ്വപ്‌നമാണ്. തെരുവിലെ വ്യാപാരികളില്‍ നിന്നു വരെ അവര്‍ പണംപിരിക്കും. ഇവയ്‌ക്കെല്ലാം മാറ്റംവരുത്താതെ ബീഫ് രാഷ്ട്രീയത്തിന് പിന്നാലെയാണ് ഭരണകൂടമെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.ചടങ്ങില്‍ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ് മുഖ്യാതിഥിയായിരുന്നു. ബിജെപിയല്ല ആര്‍എസ്എസാണ് രാജ്യം ഭരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.  ഭരണഘടനാവിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്തു നടക്കുന്നത്.ഭരണകൂടഭീകരതയ്‌ക്കെതിരേ മാധ്യമങ്ങള്‍പോലും മൃദുസമീപനമാണ് സ്വീകരിക്കുന്നത്. സാധാരണക്കാരന് നീതി ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിഷ്യ സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, സീനിയര്‍ അഡ്വക്കറ്റ് കെ രാംകുമാര്‍, അഡ്വ. ഉദയഭാനു, അഡ്വ. കെ എസ് മധുസൂദനന്‍, സെയ്ദ് മുഹമ്മദലി സംസാരിച്ചു.
Next Story

RELATED STORIES

Share it