പോലിസിന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം; ഇങ്ങനെയാണോ തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തേണ്ടത്?

കൊച്ചി: സോളാര്‍ കേസിലെ പോലിസ് അന്വേഷണത്തില്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന് അതൃപ്തി. ഇന്നലെ നടന്ന സിറ്റിങിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ഡിജിപി ടി പി സെന്‍കുമാറിനെ അതൃപ്തി അറിയിച്ചത്.
2013 ജൂണില്‍ ഇടപ്പഴഞ്ഞിയിലെ വീടിനു സമീപത്തുവച്ച് സരിതയെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസ് സംഘം സരിതയുടെ വീട് പരിശോധിക്കാത്തത് അംഗീകരിക്കാനാവില്ല. അന്ന് രണ്ട് മൊബൈല്‍ഫോണുകള്‍ മാത്രമാണ് പോലിസ് പിടിച്ചെടുത്തത്. പെരുമ്പാവൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും രണ്ടു സംഘങ്ങള്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.
എന്നാല്‍ രണ്ടാം തിയ്യതി രാത്രി തലശ്ശേരി എസ്‌ഐ പെരുമ്പാവൂര്‍ പോലിസിന് അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം നല്‍കി തിരിച്ചുപോയി. സരിതയുടെ വീടിനടുത്ത് കാത്തുനിന്ന പെരുമ്പാവൂര്‍ പോലിസ് സംഘത്തില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ സരിതയെ അറസ്റ്റ് ചെയ്തു എന്നല്ലാതെ വീടു പരിശോധിച്ചില്ല. ഇങ്ങനെയാണോ ഒരു കേസില്‍ അന്വേഷണം നടത്തേണ്ടതെന്ന് സോളാര്‍ കമ്മീഷന്‍ ഡിജിപിയോട് ചോദിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ ആലോചിക്കുമ്പോള്‍ തലശ്ശേരി പോലിസ് സരിതയെ അറസ്റ്റ് ചെയ്യാതിരുന്നത് കൃത്യവിലോപമാണെന്ന് ടി പി സെന്‍കുമാര്‍ മറുപടി നല്‍കി.
ഒരു തട്ടിപ്പ് കേസില്‍ അടിയന്തരമായി പ്രതിയുടെ വീട് പരിശോധിക്കുന്നത് നിര്‍ബന്ധമായി ചെയ്യാറില്ല. എന്നാല്‍ 33 കേസുകളിലെ പ്രതിയാണ് സരിതയെന്ന് അറിഞ്ഞുകൊണ്ടാണ് പെരുമ്പാവൂര്‍ പോലിസ് ഉദ്യോഗസ്ഥര്‍ അവരുടെ വീട് പരിശോധിക്കാതെ അറസ്റ്റ് ചെയ്യുക മാത്രം ചെയ്തതെങ്കില്‍ അത് കൃത്യവിലോപമാണെന്നും ഡിജിപി മൊഴി നല്‍കി.
സരിതയുടെ വീട് പരിശോധിക്കേണ്ടതായിരുന്നുവെന്നും ടി പി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it