പോലിസിന് ശനിദശ; ഹൈദരാബാദ് മാതൃക പഠിച്ച് പിണറായി വിജയന്‍

ഹൈദരാബാദ്: കേരളത്തില്‍ പോലിസിന്റെ ഇടപെടലുകളില്‍ ആഭ്യന്തരവകുപ്പിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഹൈദരാബാദ് പോലിസിന്റെ മാതൃക പഠിച്ച് മുഖംമിനുക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 22ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയന്‍ ഉച്ചഭക്ഷണ ഇടവേളയിലാണ് ഹൈദരാബാദിലെ പഞ്ചഗുട്ട പോലിസ് സ്റ്റേഷന്‍ സന്ദര്‍ശനത്തിന് സമയം കണ്ടെത്തിയത്.
രാജ്യത്തെ മികച്ച രണ്ടാമത്തെ പോലിസ് സ്റ്റേഷനാണ് ഇത്. വൈകീട്ട് മൂന്നിന് കനത്ത സുരക്ഷയില്‍ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ ഹൈദരാബാദ് പോലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. തെലങ്കാന ആഭ്യന്തരമന്ത്രി എന്‍ നരസിംഹ റെഡ്ഡി, ഡിജിപി മഹേന്ദര്‍ റെഡ്ഡി തുടങ്ങിയവരും സ്റ്റേഷനിലെത്തിയിരുന്നു. സ്റ്റേഷന്‍ പ്രവര്‍ത്തനവും ഇവിടെ ഒരുക്കിയ സൗകര്യങ്ങളും മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും ഡിജിപിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഒരുമണിക്കൂറോളം ചര്‍ച്ചയും നടത്തി. തുടര്‍ന്ന് പുറത്തേക്കു വന്ന മുഖ്യമന്ത്രി തെലങ്കാന ആഭ്യന്തരവകുപ്പിനെയും പോലിസ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.
10 വനിതാ പോലിസുകാരടക്കം 100ലധികം പോലിസുകാരുള്ള പഞ്ചഗുട്ട സ്റ്റേഷനില്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഷന്‍ പരിധിയില്‍ 336 സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. റിസപ്ഷനിസ്റ്റ്, പരാതിക്കാരെ സഹായിക്കാ ന്‍ ഹെല്‍പ് ഡെസ്‌ക്, വനിതക ള്‍ക്കായി പ്രത്യേക സൗകര്യം, പരാതികളിലും കേസുകളിലും പെട്ടെന്ന് തീര്‍പ്പുകല്‍പിക്കാനുള്ള സംവിധാനം, ഫയ ല്‍നീക്കത്തെ കുറിച്ച് അറിയാന്‍ ഡിജിറ്റല്‍ കിയോസ്‌ക്, പരിശീലനത്തിനായി സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയും സ്റ്റേഷനിലുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്‍മാ ര്‍ക്കും പ്രത്യേകം വിശ്രമമുറികളും പോലിസുകാരുടെ സമ്മര്‍ദവും മാനസികസംഘര്‍ഷവും കുറയ്ക്കാന്‍ യോഗാ സെന്ററും ജിംനേഷ്യവും സ്റ്റേഷന്റെ പ്രത്യേകതയാണ്. ടിവി കാണാനും വിനോദത്തിനുമായി സ്‌ട്രെസ് ഫ്രീ സോണും ഒപ്പം വായനമുറിയുമുണ്ട്. കുടുംബപ്രശ്‌നങ്ങളും സമാന പരാതികളും പരിഹരിക്കാന്‍ കൗണ്‍സലറുടെ സാന്നിധ്യവും ഒരുക്കിയിട്ടുണ്ട്.
ഹൈദരാബാദ് സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസ്, ബറോസ പോലിസ് അക്കാദമി എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സംസ്ഥാന ക്രൈംബ്രാഞ്ച് ഡിജിപി മുഹമ്മദ് യാസീനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മോശം പെരുമാറ്റം മുതല്‍ കസ്റ്റഡിമരണം വരെയുള്ള വിഷയങ്ങളില്‍ കേരള പോലിസ് നിരന്തരം പഴികേള്‍ക്കുമ്പോള്‍ ഹൈദരാബാദ് പോലിസിന്റെ നല്ല മാതൃകകള്‍ പഠിക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തിയെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it