പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം ്‌

കോട്ടയം: കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ സൗദി ബാലന്‍ അലാബിന്‍ മജീദ് ഇബ്രാഹിം മരിക്കാനിടയായ സംഭവത്തില്‍ പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം.
അന്വേഷണ റിപോര്‍ട്ടിനൊപ്പം റിസോര്‍ട്ട് ജനറല്‍ മാനേജരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മരണപ്പെട്ട ബാലന്റെ പിതാവിന്റെ മൊഴി സംഭവ ദിവസമോ അതിനു ശേഷമോ പോലിസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. സൗദി ബാലന്‍ മരിച്ചത് ഷോക്കേറ്റാണെന്നും റിപോര്‍ട്ട് മാനേജ്‌മെന്റിനെതിരേ നിയമനടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശി അന്‍സാരി നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
പരാതി സംബന്ധിച്ച പോലിസ് അന്വേഷണം സ്വാഭാവിക നീതിക്ക് ഇണങ്ങുന്നതല്ല. വിനോദസഞ്ചാരത്തിനെത്തിയ ബാലന്റെ മരണം മാതാപിതാക്കള്‍ക്ക് വേദനയുളവാക്കുന്നതാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതായാണ് ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മരണകാരണം ശാസ്ത്രീയമായി അന്വേഷിച്ച് മൂന്നു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കി. പോസ്റ്റ്‌മോര്‍ട്ടം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയുടെ റിപോര്‍ട്ടുകളില്‍ നിന്ന് കുട്ടി മുങ്ങിമരിച്ചതാണെന്നും ഷോക്കേറ്റതല്ലെന്നും മനസ്സിലാക്കാം.
റിപോര്‍ട്ടിന്‍മേലുള്ള പരാതിക്കാരന്റെ ആക്ഷേപത്തില്‍ റിപോര്‍ട്ടുകളെ ഖണ്ഡിക്കുന്ന വാദമുഖങ്ങളൊന്നുമവതരിപ്പിച്ചിട്ടില്ല. പരാതിക്കാരന്റെ പക്കല്‍ വിശദ അന്വേഷണത്തിന് ഉതകുന്ന തെളിവുകളുണ്ടെങ്കില്‍ പോലിസിന് കൈമാറാവുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ആഗസ്ത് 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുമരകത്തെ അവേദാ റിസോര്‍ട്ടില്‍ സൗദിയില്‍ നിന്നുള്ള ഏഴംഗ സംഘം വിനോദസഞ്ചാരത്തിനായി എത്തുകയും 24ന് മരണപ്പെട്ട കുട്ടി അടക്കം നാലു കുട്ടികളും രക്ഷിതാക്കളും സിമ്മിങ് പൂളില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അതില്‍ ഇളയ കുട്ടി വെള്ളത്തില്‍ മുങ്ങിയെന്നും ആശുപത്രിയില്‍ എത്തിക്കുംവഴി മരിച്ചു എന്ന റിസോര്‍ട്ട് മാനേജരുടെ മൊഴി പ്രകാരമാണ് കുമരകം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ കുട്ടി മുങ്ങി മരിച്ചതല്ലെന്നും പൂളില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുട്ടി മുങ്ങിമരിച്ചതാണെന്നും മറ്റ് സംശയങ്ങളില്ലെന്നുമായിരുന്നു കോട്ടയം വെസ്റ്റ് പോലിസിന്റെ കണ്ടെത്തല്‍.
Next Story

RELATED STORIES

Share it