പോലിസിന് താക്കീതുമായി മുഖ്യമന്ത്രി: എന്തും ചെയ്യാന്‍ അധികാരമില്ല

കൊല്ലം: പോലിസിന് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലം മാറിയിട്ടും സ്വയം മാറില്ല എന്ന ചിന്തയുള്ള ചിലര്‍ പോലിസിലുണ്ടെന്നും അവര്‍ ആ രീതി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൊല്ലത്ത് നിര്‍ദേശിച്ചു.
എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലിസുകാരെന്ന ഓര്‍മ വേണം. നിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. സ്വാഭാവികമായും പോലിസിനു പോലിസിന്റേതായ രീതികള്‍ പ്രകടിപ്പിക്കാനാണ് താല്‍പര്യമുണ്ടാവുക. തെറി പറയുക, പറ്റുമെങ്കില്‍ നാലു ചാര്‍ത്തിക്കൊടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഉണ്ടാവുന്നത്. ഇങ്ങനെയെല്ലാം ചെയ്യാന്‍ അവകാശമുണ്ടെന്ന് പണ്ടേ പോലിസ് ധരിച്ചുവച്ചിരിക്കുകയാണ്. എന്നാല്‍ കാലം മാറി. പോലിസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലര്‍ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്, ആ രീതി ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാവേണ്ടിവരുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്.
കൊല്ലം സിറ്റി പോലിസ് ഓഫിസിന് കിട്ടിയ ഐഎസ്ഒ 9001: 2015 സര്‍ട്ടിഫിക്കേഷന്‍, ജനമൈത്രി ഭവന സന്ദര്‍ശനം എന്നിവയുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുമായി അടുത്തിടപഴകുന്നത് ഉറപ്പാക്കാനാണ് ജനമൈത്രി പോലിസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കൊല്ലത്തെ ഡിവൈഎഫ്‌ഐ നേതാവിനെ പോലിസ് മര്‍ദിച്ചെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊല്ലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലയിലുള്ള ചട്ടങ്ങള്‍ക്കു വിരുദ്ധമായി ഇടപെടുന്ന ചില ആളുകള്‍ പോലിസിലുണ്ട്. ജാഗ്രത എപ്പോഴുമുണ്ടാവണം. എന്നാല്‍, കുറ്റകൃത്യത്തെ കുറ്റകൃത്യമായി കണ്ട് നടപടിയെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it