Flash News

പോലിസിന് താക്കീതുമായി മുഖ്യമന്ത്രി



കല്‍പ്പറ്റ: ചില സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലിസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലാ പോലിസ് ആസ്ഥാനത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലിസ് മേധാവി ഡോ. ടി പി സെന്‍കുമാറും വേദിയിലുണ്ടായിരുന്നു. കുറ്റവാളികളോട് കാര്‍ക്കശ്യവും സാമാന്യ ജനങ്ങളോട് മൃദുസമീപനവും എടുക്കുന്ന ജനപക്ഷ പോലിസാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  മോശം ശൈലി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാവും. നീതിയും സുരക്ഷയും പക്ഷപാതിത്വം ഇല്ലാതെ നടപ്പാക്കി പോലിസ് ഡ്യൂട്ടി ചെയ്യുകയാണ് വേണ്ടത്. ഇതില്‍ നിന്ന് വ്യതിചലിക്കുന്നവരോട് മൃദുസമീപനം ഉണ്ടാവില്ല. സ്ത്രീകള്‍ക്കെതിരേ ഒറ്റപ്പെട്ട അതിക്രമങ്ങള്‍ കണ്ടുവരുന്നതും മയക്കുമരുന്നു വ്യാപനവും ജാഗ്രതയോടെ പോലിസ് കാണണം. ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച്, വലിയ നഗരങ്ങളില്‍ ഗുണ്ടാസംഘങ്ങള്‍ ചില സ്വാധീനങ്ങള്‍ വരെ നടത്തി ശക്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരേ നടപടി ശക്തമാക്കിയിട്ടുണ്ട്. ഗുണ്ടാപ്രവര്‍ത്തനത്തോട് വിട്ടുവീഴ്ച ചെയ്യരുത്. കേരളത്തില്‍ കാണാതാവുന്ന കുട്ടികളെ   കണ്ടെത്തുന്നതിന് കേരള പോലിസ് ഫലപ്രദമായ സംവിധാനം ഉണ്ടാക്കുകയാണ്. സൈബര്‍ മേഖലയിലുള്‍പ്പെടെ നടക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങളും തടയാന്‍ പോലിസ് സേനയെ സജ്ജമാക്കും. പോലിസില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കും. മൂന്നാംമുറ പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.  പോലിസ് സേനയുടെ ആധുനീകരണത്തിനായി 30 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 451 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പോലിസില്‍ ഒരു വനിതാ ബറ്റാലിയന്‍ തന്നെ ഉണ്ടാക്കുകയാണ്. ഏറെക്കാലത്തെ ആവശ്യമായിരുന്ന 400 ഡ്രൈവര്‍ തസ്തിക സൃഷ്ടിച്ചു. ഏഴു ബറ്റാലിയനുകളില്‍ കമാന്‍ഡോ യൂനിറ്റുകള്‍ തുടങ്ങും. ചരിത്രത്തില്‍ ആദ്യമായി കേരളാ പോലിസില്‍ ഒരു വനിതാ കമാന്‍ഡോ വിങ് രൂപീകരിക്കാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it