പോലിസിന്റെ ഭാഷ ശരിയായാല്‍ പകുതി പ്രശ്‌നങ്ങള്‍ അവസാനിക്കും: ഡിജിപി

തിരുവനന്തപുരം: പോലിസിന്റെ ഭാഷ ശരിയായാല്‍ സേനയിലെ പകുതി പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്്‌റ. ഇന്‍സ്‌പെയറ എജ്യൂക്കേഷന്‍ നടപ്പാക്കുന്ന വിദ്യ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പോലിസിന്റെ ഭാഷയെക്കുറിച്ച് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലിസ് മിണ്ടാതിരുന്നാല്‍ പകുതി പ്രശ്‌നങ്ങള്‍ അവസാനിക്കും. ബാക്കി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ബെഹ്്‌റ പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡിമരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഉടനെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വനിത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പുരുഷന്‍മാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാനുള്ള അവസരം നല്‍കണമെന്ന് ഡിജിപി ജില്ലാ പോലിസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.
വനിത ഉദ്യോഗസ്ഥര്‍ക്ക് പല പോലിസ് സ്റ്റേഷനുകളിലും ഓഫിസ് ജോലികള്‍ മാത്രം നല്‍കുന്ന പ്രവണത കാണുന്നുണ്ട്. വനിതകളായ നിരവധി സിപിഒമാര്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും വൈദഗ്ധ്യവും നേടിയവരാണ്. അവരെ ഇത്തരത്തില്‍ പരിമിതപ്പെടുത്താതെ പോലിസുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിലും പരിശീലനം നല്‍കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അത്തരത്തില്‍ മികച്ച പോലിസ് ഉദ്യോഗസ്ഥരായി അവരെ വാര്‍ത്തെടുക്കുന്നത് പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു സഹായകരമാവും. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ഹൗസ് ഓഫിസര്‍മാരും മറ്റു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.
ടൂറിസം പോലിസിലേക്കു നിയോഗിക്കപ്പെടുന്ന വനിത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലിസ് മേധാവിമാരുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it