kozhikode local

പോലിസിനെ വെട്ടിച്ച് സമരക്കാര്‍ ഗെയില്‍ പ്രവൃത്തി തടഞ്ഞു



മുക്കം: വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രദേശത്തേക്ക് പോലിസിനെ കബളിപ്പിച്ച് കടന്ന് സമരക്കാര്‍ പ്രവൃത്തി തടഞ്ഞു. സമരക്കാര്‍ ഇരച്ചെത്തിയതോടെ ഗെയില്‍ നിയോഗിച്ച തൊഴിലാളികള്‍ ജീവനും കൊണ്ടോടി. എരഞ്ഞിമാവിന് സമീപമാണ് ഇന്നലെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നിര്‍ദിഷ്ട കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരേ ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന സമരം ഇടവേളക്ക് ശേഷമാണ് വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നത്. ഇതുവരെ നായകരില്ലാതെ നടന്ന സമരത്തിന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്നലെ നടന്ന സമരം പോലിസിനും തലവേദനയായി. സാധാരണ നിലയില്‍ നടക്കുന്ന സമരത്തില്‍ നിന്ന് വ്യത്യസ്തമായി പോലിസിനെ സമരക്കാര്‍ കബളിപ്പിക്കുകയായിരുന്നു. പതിവ് പോലെ എരഞ്ഞിമാവില്‍ നിന്നും പ്രകടനം നടന്നതോടെ പ്രകടനക്കാരെ തടയാന്‍ വന്‍പോലിസ് സന്നാഹം പദ്ധതിപ്രദേശത്തെ എരഞ്ഞിമാവ് പന്നിക്കോട് റോഡില്‍ നിലയുറപ്പിച്ചു.പ്രകടനം പോലിസ് തടഞ്ഞ ഉടനെ തന്നെ നേരത്തെയുള്ള ധാരണ പ്രകാരം മാറി നിന്ന 50 ഓളം ഗെയില്‍ വിരുദ്ധ പ്രവര്‍ത്തകര്‍ മറ്റൊരു വഴിയിലൂടെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം നാല് പോലിസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതോടെസമരക്കാരെ കണ്ട് ഭയന്ന് വിറച്ച ഗെയില്‍ ജീവനക്കാരും മറ്റും ജീവനുംകൊണ്ട് ഓടുകയായിരുന്നു. സമരക്കാരുടെ അപ്രതീക്ഷിത വരവില്‍ പകച്ച പോലിസിനും കാര്യമായൊന്നും ചെയ്യാനായില്ല. ഈ ഭാഗത്ത് നിന്ന പ്രവര്‍ത്തകര്‍ പന്നിക്കോട് ഭാഗത്തും ആദ്യം വന്നവര്‍ എരഞ്ഞിമാവ് ഭാഗത്തും നിലയുറപ്പിച്ചതോടെ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. ഇന്നലത്തെ സമരം നജീബ് കുനിയില്‍ ഉദ്ഘാടനം ചെയ്തു. മജീദ് പുതുക്കുടി, ഗഫൂര്‍ കുനിയില്‍, കരീം പഴങ്കല്‍, സാലിം ജി റോഡ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ടി കെ ജാഫര്‍, ബഷീര്‍ പ#െുതിയോട്ടില്‍ ,കെ ടി മന്‍സൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it