പോലിസിനെ വെട്ടിച്ചു കടന്ന വാഹന മോഷണക്കേസ് പ്രതി പിടിയില്‍

നിലമ്പൂര്‍: പോലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹന മോഷണ കേസിലെ പ്രതിയെ പിടികൂടി. മൂവാറ്റുപുഴ ചേലേക്കരകുന്നേല്‍ നിപു(29)വിനെയാണ് നിലമ്പൂര്‍ എസ്‌ഐ സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. ബംഗളൂരു-മൈസൂരു റോഡില്‍ ശ്രീരംഗപട്ടണത്തില്‍ വച്ചാണ് വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ അറസ്റ്റ് ചെയ്തത്. ടാക്‌സി വിളിച്ച് ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പോലിസ് വലയിലാവുന്നത്.
കഴിഞ്ഞ ഞായറാഴ്ച ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്ത് നിന്നാണ് നിപുന്‍ അടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച രാത്രി നിലമ്പൂര്‍ പോലിസിന്റെ കണ്ണുവെട്ടിച്ച് നിപുന്‍ രക്ഷപ്പെടുകയായിരുന്നു. ചന്തക്കുന്നില്‍ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് മഞ്ചേരി ആനക്കയത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് തലശ്ശേരിയിലെത്തിയ പ്രതി അവിടെ ഒരു വീട്ടില്‍ നിന്നും 3500 രൂപയും നോക്കിയ മൊബൈല്‍ ഫോണും സ്‌കൂട്ടറും മോഷ്ടിച്ചു കടന്നു.
ഇയാളെ മാഹിയില്‍ വച്ച് പോലിസ് വളഞ്ഞെങ്കിലും പിടിക്കാനായില്ല. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം ബംഗളൂരുവിലെത്തി. അവിടെനിന്നും ടാക്‌സിയില്‍ ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ശ്രീരംഗപട്ടണത്ത്‌വച്ച് പോലിസ് വലയിലാവുകയായിരുന്നു. ഇയാളുടെ പേരില്‍ മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ കോടതിയുടെ വാറന്റ് നിലവിലുണ്ട്. ഇതിനുപുറമെ കഞ്ചാവ് കേസുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും തീര്‍പ്പാക്കിയതാണ്.
ആദ്യം പിടിയിലായപ്പോള്‍ നിപുന്‍ വിലാസം തെറ്റിച്ചാണ് നല്‍കിയിരുന്നത്. എറണാംകുളം പുല്ലേപ്പടി സ്വദേശി എന്നായിരുന്നു നല്‍കിയിരുന്നത്. നിപുന്‍, ഒപ്പം പിടികൂടിയ മാവേലിക്കര സ്വദേശിനി മിഖാ സൂസന്‍ മാണിയുമായി പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി കൂടരഞ്ഞി കുളമ്പില്‍ സ്വലാഹ് ബംഗളൂരുവില്‍ വച്ചാണ് ഇവരുമായി പരിചയപ്പെടുന്നത്. നിപുനെ നിലവിലെ കേസുകള്‍ക്കു പുറമെ കസ്റ്റഡിയിലിരിക്കെ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടതിന് 225 ബി പ്രകാരവും ചന്തക്കുന്നില്‍ നിന്നും ബൈക്ക് മോഷ്ടിച്ചതിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it