Kottayam Local

പോലിസിനെ ഭയന്ന് ഓടിയ 16കാരന്‍ കിണറ്റില്‍ വീണു

കോട്ടയം: പോലിസിനെ ഭയന്ന് ഓടിയ 16കാരന്‍ കിണറ്റില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. പരിക്കൊന്നുമില്ല. വാകത്താനം പുത്തന്‍ചന്ത ഭാഗത്ത് തിങ്കളാഴ്ച രാത്രി 10.20നാണ് സംഭവം. ക്രിസ്മസ് കരോളിനായി കൂട്ടുകാരന്റെ ബൈക്കിനു പിന്നിലിരുന്ന് പോവുകയായിരുന്നു പതിനാറുകാരന്‍. വാഹന പരിശോധനയ്‌ക്കെത്തിയ പോലിസ് ബൈക്കിന് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. പോലിസ് പിന്നാലെ വരുമെന്നു ഭയന്ന ബാലന്‍ വഴിയില്‍ ഇറങ്ങിയോടി. ഇതിനിടെ മൊബൈല്‍ ഫോണ്‍ എവിടെയോ നഷ്ടപ്പെട്ടു. ഫോണ്‍ തിരയുന്നതിനിടെയാണ് കിണറ്റില്‍ അകപ്പെട്ടത്. പണി പൂര്‍ത്തിയായി വരുന്ന കിണര്‍ പടുത കൊണ്ട് മൂടിയിരിക്കുകയായിരുന്നു. അതിനാല്‍ കിണര്‍ ആണെന്നറിയാതെയാണ് വീണത്. തുടര്‍ന്ന് കരയ്ക്കു കയറാനാവാതെ വന്നതോടെ സംഭവം അറിഞ്ഞെത്തിയവര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരിക്കൊന്നുമുണ്ടായിട്ടില്ല. നിര്‍ത്താതെ പോയ ബൈക്കിനെ പോലിസ് പിന്തുടരുകയോ ആരാണ് ബൈക്കില്‍ യാത്ര ചെയ്തതെന്ന് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നു വാകത്താനം പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it