Flash News

പോലിസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി



തിരുവനന്തപുരം: പോലിസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. ഏപ്രില്‍ 25നു നല്‍കിയ 113 ചോദ്യങ്ങളില്‍ ഒന്നിനും മറുപടി ലഭിച്ചിട്ടില്ല. ചോദ്യോത്തരവേളയിലേക്കു നല്‍കിയ ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിക്കാത്തത്. ചില ചോദ്യങ്ങള്‍ക്ക് പരിശോധിക്കാം, പഠിക്കട്ടെ തുടങ്ങിയ മറുപടികള്‍ നല്‍കി ഒഴിഞ്ഞുമാറുകയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു മാത്രമല്ല മുഖ്യമന്ത്രി മറുപടി പറയാത്തത്. പോലിസുമായി ബന്ധപ്പെട്ട് ഭരണകക്ഷി എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മറുപടിയില്ല. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. 25നു സഭ ചേര്‍ന്ന ഉടന്‍ തന്നെ നല്‍കിയ ചോദ്യങ്ങള്‍ക്കാണ് ഇതുവരെ ഉത്തരം ലഭിക്കാത്തത്. ഡിജിപി ടി പി സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട്, ആരാണ് ഇപ്പോഴത്തെ പോലിസ് മേധാവിയെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. പോലിസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പ്രതിപക്ഷം എങ്ങനെയാണ് ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് ഗൗരവതരമായ ചോദ്യങ്ങ ള്‍ ഉന്നയിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അതേസമയം, ഇതേക്കുറിച്ച് അന്വേഷിച്ച് മറുപടി നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോള്‍ വിശദാംശങ്ങള്‍ കൈയിലില്ലെന്നും പിന്നീട് മറുപടി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ സംഭവം ഗൗരവ സ്വഭാവമുള്ളതാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതേക്കുറിച്ച് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it