kannur local

പോലിസിനെതിരേ സിപിഐ രംഗത്ത്;കണ്ണവത്ത് സ്റ്റേഷന്‍ മാര്‍ച്ച്

കൂത്തുപറമ്പ്: പോലിസിനെതിരേ ഭരണകക്ഷി മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐയും രംഗത്ത്്. പോലിസില്‍ നിന്നു നീതി കിട്ടുന്നില്ലെന്നും പോലിസ് വേട്ടക്കാരോടൊപ്പമാണെന്നും ആരോപിച്ചാണ് സിപിഐയുടെ നേതൃത്വത്തില്‍ കണ്ണവം പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ഇരയെ പുറംതള്ളി വേട്ടക്കാരനെ സേവിക്കുന്ന സ്വജനപക്ഷ പ്രീണനനയത്തിനെതിരേ, കണ്ണവം പോലിസിന്റെ വിഭാഗീയ നിയമപാലനത്തിനെതിരേ, എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്. പ്രമുഖ സിപിഐ നേതാവായിരുന്ന എന്‍ ഇ ബാലറാമിന്റെ സ്മൃതി മണ്ഡപം അടിച്ചു തകര്‍ത്തിട്ടും പ്രതികള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സിപിഐയുടെ കൊടിയും ബോര്‍ഡുകളും പ്രവര്‍ത്തന സാമഗ്രികളുമെല്ലാം അക്രമിച്ച് നശിപ്പിച്ചിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായിരുന്നില്ല. മാര്‍ച്ച് സിപിഐ മണ്ഡലം സെക്രട്ടറി സി വിജയന്‍ ഉദ്ഘാടനം ചെയ്തു. പി സുധാകരന്‍ അധ്യക്ഷത വഹിച്ചു. കെ വി രജീഷ്, പി വി ജയപ്രകാശ്, എം എ ബിജു സംസാരിച്ചു. നിരവധി പോലിസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it