പോലിസിനും വേണം മൂക്കുകയര്‍

കെ  വി  ഷാജി
പോലിസിന്റെ കിരാത കര്‍മങ്ങളെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാര്യക്കാരായിരുന്ന കമ്പനിപ്പോലിസ് മുതല്‍, കമ്പനിക്കാലം കഴിഞ്ഞുള്ള സേനയുടെ പീഡനപര്‍വങ്ങള്‍ തരണം ചെയ്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലെത്തിയ പിണറായി വിജയന്റെ പോലിസ് വരെ ഈ ചര്‍ച്ചയില്‍ കണ്ണിചേരുന്നുമുണ്ട്. ഇന്ത്യന്‍ ജനത, അവരെ വരിഞ്ഞുമുറുക്കിയ പാരതന്ത്ര്യത്തിന്റെ കുരുക്കഴിക്കാനുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ മറുപക്ഷത്ത് പോലിസായിരുന്നു. ജന്‍മി-കുടിയാന്‍ സമരത്തിന്റെ ആവേശങ്ങളോട് മാറ്റുരച്ചതും പോലിസ് തന്നെ.
സ്വാതന്ത്ര്യത്തിന്റെ പ്രഭാതം വിരിഞ്ഞിട്ടും ജന്‍മി-കുടിയാന്‍ വ്യവസ്ഥ മണ്ണിട്ടുമൂടിയിട്ടും പൊതുജനങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ മറുപക്ഷത്തു തന്നെയാണ് കേരള പോലിസിന്റെ സ്ഥാനം. അടുത്ത കാലത്തായി പോലിസിന്റെ നിയമലംഘനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം ക്രൗര്യത കൈവരിച്ചിരിക്കുന്നു. ഏകാധിപതിയുടെ കൈയിലെ ഏത് ആയുധത്തിനും ജനവിരുദ്ധതയുടെ വായ്ത്തലത്തിളക്കമുണ്ടാവും. ജനാധിപത്യത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ്, കക്ഷിരാഷ്ട്രീയ നേതൃത്വത്തിന്റെ മൗനസമ്മതത്തോടെ സമാന്തര അധികാര വ്യവസ്ഥ പണിയുകയാണ് കേരള പോലിസ്. കമ്പനിപ്പോലിസില്‍ നിന്നു കേരള പോലിസിലേക്കുള്ള ദൂരം വളരെ വളരെ കുറവാണെന്ന് അവര്‍ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, പോലിസിന്റെ നിയമലംഘന ചരിത്രത്തിലേക്കു പിന്‍തിരിഞ്ഞുനോക്കുന്നത് മുന്നോട്ടുള്ള ജനാധിപത്യ യാത്രയ്ക്ക് ഗുണം ചെയ്യും.
ശിക്ഷ ലഭിക്കുമെന്ന ബോധ്യമാണ് ഒരു സമൂഹത്തെ കുറ്റകൃത്യങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. ഈ പരികല്‍പന പൊതുസമൂഹത്തിലെ ഏതു വിഭാഗത്തിനും ബാധകമായിട്ടുള്ളതാണ്. പൗരസമൂഹവും ഉദ്യോഗസ്ഥ-ജനപ്രതിനിധികളും ന്യായാധിപന്‍മാര്‍ പോലും ഇത്തരത്തിലുള്ള ചില ലിഖിത കല്‍പനകളെ അനുസരിച്ചോ അതിനു വഴങ്ങിയോ ആണ് ജീവിക്കുന്നതും ജോലി ചെയ്യുന്നതും. എന്നാല്‍, കേരളത്തിലെ പോലിസ് സേന പതിറ്റാണ്ടുകളായി ഈ പരികല്‍പനകള്‍ക്ക് പുറത്താണ് സ്വയം സ്ഥാനം നിശ്ചയിച്ച് പ്രവര്‍ത്തിച്ചുവരുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എന്ത് കുറ്റം ചെയ്താലും കുറ്റത്തിനൊത്ത ശിക്ഷ ലഭിക്കില്ലെന്ന ഉത്തമബോധ്യത്തിന്റെ അസ്തിവാരത്തിലാണ് പോലിസിന്റെ നിയമലംഘനങ്ങളുടെ ഗ്രാഫ് അനുനിമിഷം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നതും.
കേരള പോലിസിന്റെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക്, തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ തന്നെയാണ് ഉത്തരവാദികള്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെളിച്ചം കെട്ടുപോയ അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ തന്നെയാണ് പോലിസും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കക്ഷിരാഷ്ട്രീയ പാര്‍ട്ടികളും തമ്മിലെ അവിശുദ്ധ ബന്ധത്തിന്റെ ആദ്യ ഇന്ത്യന്‍ അനുഭവം. ഇന്ത്യ കണ്ട ഏറ്റവും കൊടിയ മനുഷ്യാവകാശ നിഷേധങ്ങളുടെ അനുഭവകാലത്തു നിന്നു വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണിട്ടും എന്തു മാറ്റമാണ് കേരളത്തില്‍ സംഭവിച്ചത്? പൗരസമൂഹവും പോലിസും തമ്മിലെ ഭരണഘടനാ നിശ്ചയങ്ങള്‍ അവകാശമായി അനുഭവിക്കാന്‍, അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ എന്തു പാഠമാണ് മലയാളിക്ക് നല്‍കിയത്? അലിഖിത അടിയന്തരാവസ്ഥയുടെ വര്‍ത്തമാനങ്ങളിലൂടെ കേരളത്തിന്റെ ജനാധിപത്യം പാഞ്ഞുകൊണ്ടിരിക്കുമ്പോള്‍, ജയറാം പടിക്കലിനെയും ലക്ഷ്മണയെയും പോലുള്ളവര്‍ ചേര്‍ന്നു ചിട്ടപ്പെടുത്തിയ പോലിസ് രീതികള്‍ക്ക് എന്ത് മാറ്റമാണ് കേരളീയര്‍ ഉണ്ടാക്കിയെടുത്തത്? പോലിസ് കൂടുതല്‍ കൂടുതല്‍ ജനാധിപത്യ വിരുദ്ധമാവുകയും സേനയുടെ ആ ജനാധിപത്യ വിരുദ്ധത ചിലരൊക്കെ രാഷ്ട്രീയമായി ആഘോഷിക്കുകയും ചെയ്തു.
മനുഷ്യജീവിതത്തിന്റെ സകല മര്യാദയും ചോര്‍ത്തിക്കളഞ്ഞ് തൊടുപുഴയില്‍ ഒരു പിതാവ് മകളുടെ മുഖത്തേക്ക് ആസിഡ് വീശിയൊഴിച്ചപ്പോള്‍ കേരള പോലിസിന്റെ മുഖമാണ് അന്നു വികൃതമായത്. അച്ഛന്‍ ആസിഡ് വീഴ്ത്തി പൊള്ളിച്ച മകളുടെ മുഖത്തിന് ആശുപത്രിയില്‍ കാവലിരിക്കുന്ന അമ്മയില്‍ നിന്നു കൈക്കൂലിയായി 2000 രൂപ ഇരന്നുവാങ്ങാന്‍ പോലിസുകാര്‍ക്ക് ഒരു ഉളുപ്പുമുണ്ടായില്ല. ഭാര്യയുടെ കാമുകന്‍ എന്നു സംശയിച്ച യുവാവിനെ കൊന്നു പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച ഡിവൈഎസ്പി, തിരുവനന്തപുരം പത്മതീര്‍ഥക്കുളത്തിലെ ജലസ്വച്ഛതയിലേക്ക് ഒരു മനോവിഭ്രാന്തി ചവിട്ടിത്താഴ്ത്തിയ ക്ഷേത്രജീവനക്കാരന്‍ ശ്വാസത്തിനു വേണ്ടി പിടഞ്ഞുവിളിച്ചപ്പോള്‍ വെള്ളത്തിലിറങ്ങാന്‍ 'വകുപ്പില്ല' എന്നു പറഞ്ഞ് മാറിനിന്ന പോലിസുകാരുടെ നിഷ്‌ക്രിയത്വം, ഉദയകുമാര്‍ എന്ന കുറ്റാരോപിതനെ ചപ്പാത്തി കണക്കെ ഉരുട്ടിപ്പരത്തിക്കൊന്ന് അയാളുടെ ചതഞ്ഞുപോയ മസിലുകളുടെ പോസ്റ്റ്‌മോര്‍ട്ടം ചിത്രങ്ങള്‍ പോലിസ് അക്കാദമിയിലെ ട്രെയിനികള്‍ക്കു മുമ്പില്‍ പഠനത്തിനായി പ്രദര്‍ശനത്തിനു വച്ച സംഭവം, മാഹിയിലെ കോളജ് അധ്യാപകനായിരുന്ന ബാബുരാജിനെ അകാരണമായി മര്‍ദിച്ച് ഭ്രാന്തനായി ചിത്രീകരിക്കാനുള്ള ശ്രമം, പോലിസിന്റെ നിശാപാര്‍ട്ടിയെ കുറിച്ച് വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്, സ്‌കൂള്‍ മാനേജറുടെ രാഷ്ട്രീയ സ്വാധീനത്തില്‍ വ്യാജ കേസെടുത്ത് ജോലിയില്ലാതാക്കിയ മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അനീഷ് മാഷെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ക്രൂരത, തങ്കമണിയിലും മുത്തങ്ങയിലും ബീമാപ്പള്ളിയിലും പ്ലാച്ചിമടയിലും തുടങ്ങി നിരവധിയിടങ്ങളില്‍ മൗലികാവകാശങ്ങളെ ബൂട്ടിട്ടു ചവിട്ടിയരച്ച കിരാതവാഴ്ച തുടങ്ങി പോലിസിന്റെ സകല നിയമവിരുദ്ധതയെയും ഒറ്റപ്പെട്ട സംഭവങ്ങളായി വായിക്കാനും ഉറപ്പിക്കാനും പൊതുസമൂഹം ശീലിച്ചുകഴിഞ്ഞു.
ഓരോ ദിവസവും തനിയാവര്‍ത്തനം ചെയ്യപ്പെടുന്ന പോലിസിന്റെ നിയമലംഘനങ്ങളില്‍ ഒറ്റപ്പെട്ടവ മാത്രമാണ് പുറംലോകം അറിയുന്നത്. അല്ലാതെ, ആഭ്യന്തരമന്ത്രിമാരും പോലിസ് മേധാവിമാരും പതിവായി പറഞ്ഞു സ്ഥാപിച്ചതുപോലെ അവ ഒറ്റപ്പെട്ട സംഭവങ്ങളേയല്ല. മാലോകരറിയാതെ എന്തെന്തു നിയമലംഘനങ്ങളാണ് കേരള പോലിസ് ഓരോ ദിവസവും കുഴിവെട്ടി മൂടിക്കൊണ്ടിരിക്കുന്നത്! കേരള പോലിസിന് അവര്‍ തന്നെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിശാലമായ ഒരു വിഹാരലോകമുണ്ട്. അവിടെ വാദിയും പ്രതിയും അഭിഭാഷകനും ന്യായാധിപനും ആരാച്ചാരും പോലിസ് തന്നെയാണ്. നാട്ടിലെ സാധാരണ മനുഷ്യനെ മുതല്‍ നാട് ഭരിക്കുന്ന മന്ത്രിയെ വരെ ചൊല്‍പ്പടിക്കു നിര്‍ത്താനാവുന്ന മാസ്മരിക അധികാര-അധോലോകമാണ് പോലിസിന്റേത്.
ഭരണഘടനയുടെ മൗലിക തത്ത്വങ്ങള്‍ക്കും സകല നിയമങ്ങള്‍ക്കും സമാന്തര വ്യാഖ്യാനം സൃഷ്ടിച്ച് പോലിസ് പടുത്തുയര്‍ത്തിയിട്ടുള്ള അധികാര സാമ്രാജ്യത്തിന്റെ ആണിവേര് അന്വേഷിച്ചാല്‍ എത്തിപ്പെടുക ജനാധിപത്യ കാപട്യത്തിന്റെ വര്‍ത്തമാനങ്ങളിലേക്കാണ്. ഭരണത്തിനു നേതൃത്വം നല്‍കുന്നവരും കക്ഷിരാഷ്ട്രീയ നേതൃത്വവും പോലിസും ചേര്‍ന്ന് പൗരസമൂഹത്തെ നിരന്തരം ബ്ലാക്‌മെയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ പൊതുജനമെന്ന കഴുതകള്‍ക്കു മാത്രം പാലിക്കാനുള്ളതാണെന്നും, അത്തരം ചട്ടക്കൂടുകളില്‍ നിന്നെല്ലാം മുക്തി നേടിയ വരേണ്യവര്‍ഗമാണ് തങ്ങളെന്നുമുള്ള അഹന്തയാണ് കേരളത്തിലെ ഓരോ പോലിസ് സ്‌റ്റേഷനുകളെയും ജനവിരുദ്ധമാക്കിത്തീര്‍ത്തത്. ആ അഹന്തയുടെ ഔദ്യോഗിക ജീവിതമാണ് മലയാളി ഇന്നു കണ്ടും കൊണ്ടും അനുഭവിക്കുന്നത്.
നീതിന്യായ സംവിധാനങ്ങളെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്ന പാലം എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട ഒന്നാണ് പോലിസ്. എന്നാല്‍, ഇന്ന് പോലിസിനു കപ്പം നല്‍കാതെ ഒരാള്‍ക്കും ഈ പാലത്തിലൂടെ നീതിയിലേക്കുള്ള യാത്ര സാധ്യമല്ല. മോര്‍ച്ചറിക്കു മുന്നില്‍ ബന്ധുവിന്റെ മൃതദേഹത്തിനായി കാത്തിരിക്കുന്നവരായാലും മുഖത്ത് ആസിഡ് വീണവരായാലും റോഡ് അപകടത്തില്‍ പെട്ടവരായാലും പാസ്‌പോര്‍ട്ട് അപേക്ഷകരായാലും ആരായാലും ഈ ടോള്‍ ബൂത്തിനെ സന്തോഷിപ്പിക്കാതെ പാലം കടക്കാനാവില്ല.
മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് ഒട്ടേറെ നിയമങ്ങള്‍ പാലിച്ച് ജോലി ചെയ്യേണ്ടവരാണ് പോലിസ് ഉദ്യോഗസ്ഥര്‍. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകള്‍, നിയമപാലനം ഉറപ്പുവരുത്തേണ്ടവര്‍ ചെയ്തുകൂട്ടിയ നിയമനിഷേധങ്ങളുടെ ചാകരക്കണക്കുകളാണ് പുറത്തുവിടുന്നത്. ക്രിമിനല്‍ നടപടി നിയമം, കേരള പോലിസ് ആക്റ്റ്, പോലിസ് നടപടിക്രമം, സുപ്രിംകോടതിയുടെ വിവിധ ഉത്തരവുകള്‍, വിധികള്‍, സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ എന്നിവ പരസ്യമായി ലംഘിച്ചുകൊണ്ടാണ് പതിറ്റാണ്ടുകളായി കേരളത്തിലെ പോലിസ് സംവിധാനം പ്രവര്‍ത്തിച്ചുവരുന്നതെന്ന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും പോലിസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തങ്ങളെ പരിശോധിക്കാന്‍ ആരുമില്ല എന്ന അമിതവിശ്വാസത്തിലാണ് കേരള പോലിസ്. ഇതുതന്നെയാണ് കേരള പോലിസിലെ ഒരു വിഭാഗത്തെ ക്രിമിനലുകളാക്കി രൂപാന്തരപ്പെടുത്തിയത്.
ഇന്ന് കക്ഷിരാഷ്ട്രീയത്തിന്റെ ഇരുള്‍മുറി ചര്‍ച്ചകളില്‍ പോലിസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. രാഷ്ട്രീയ തന്ത്രങ്ങളുടെ നടത്തിപ്പുകാരില്‍ പ്രധാന ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതും പോലിസ് തന്നെ. രാഷ്ട്രീയ നേതൃത്വങ്ങളും പോലിസും തമ്മിലുള്ള ഈ അവിശുദ്ധ വാണിജ്യ ഉടമ്പടിയിലൂടെയാണ് പോലിസ് അതിന്റെ നിയമവിരുദ്ധ സാമ്രാജ്യം വിപുലപ്പെടുത്തിയത്.                                         ി

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it