പോര്‍ വിമാനം തകര്‍ത്ത സംഭവം: തുര്‍ക്കിക്കെതിരേ ഉപരോധവുമായി റഷ്യ

മോസ്‌കോ: സിറിയന്‍ അതിര്‍ത്തിയില്‍ പോര്‍ വിമാനം വെടിവച്ചിട്ടതിന് പ്രതികാരമായി തുര്‍ക്കിക്കെതിരേ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതുള്‍പ്പെടെ റഷ്യയില്‍ തുര്‍ക്കി കമ്പനികള്‍ക്കും തുര്‍ക്കി പൗരന്മാര്‍ക്കും പ്രവര്‍ത്തന നിരോധനം പ്രഖ്യാപിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ സര്‍വീസും നിര്‍ത്തി.
ഐഎസിനെതിരേ ആക്രമണം നടത്തുന്ന റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇതോടെ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. റഷ്യന്‍ വിമാനങ്ങള്‍ക്കുനേരെയുണ്ടാവുന്ന ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നു പ്രഖ്യാപിച്ച് സിറിയയിലെ റഷ്യന്‍ സൈനിക താവളത്തില്‍ കൂടുതല്‍ വ്യോമവേധ മിസൈലുകളും റഷ്യ സ്ഥാപിച്ചിട്ടുണ്ട്. ദീര്‍ഘദൂര ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പോന്ന എസ് 400 മിസൈലുകളാണ് റഷ്യ പുതുതായി എത്തിച്ചത്.
റഷ്യന്‍ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തില്‍ റഷ്യ തീ കൊണ്ട് കളിക്കരുതെന്നു തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ തുര്‍ക്കിയുമായുള്ള വിസാരഹിത യാത്രയും റഷ്യ റദ്ദാക്കി. തുര്‍ക്കിയിലുള്ള 9,000ഓളം റഷ്യന്‍ വിനോദസഞ്ചാരികളോട് ഉടന്‍ മടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യക്കാരെ മുഴുവന്‍ സുരക്ഷിതമായി മാറ്റിയ ശേഷം തുര്‍ക്കിക്കെതിരേ നേരിട്ടുള്ള യുദ്ധത്തിനാണോ റഷ്യ ലക്ഷ്യമിടുന്നതെന്ന അഭ്യൂഹവും ശക്തമാണ്. യുദ്ധവിമാനം തകര്‍ത്ത സംഭവത്തില്‍ തുര്‍ക്കി മാപ്പ് പറയാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനുള്ള സാധ്യത റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ തള്ളി.
വ്യോമാതിര്‍ത്തി ലംഘിച്ചതിന് മുന്നറിയിപ്പു നല്‍കിയിട്ടും തിരിച്ചുപോവാത്തതിനെ തുടര്‍ന്നാണ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതെന്ന തുര്‍ക്കി വാദം റഷ്യ നിഷേധിക്കുകയാണ്. കൂടാതെ സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ വച്ചാണ് വിമാനം തകര്‍ത്തതെന്നതിന് കൂടുതല്‍ തെളിവുകളും റഷ്യയും സിറിയയും പുറത്തുവിട്ടു. ഇതിനോടു തുര്‍ക്കി പ്രതികരിച്ചിട്ടില്ല.
ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുടിന്റെ ഉത്തരവിനു പിന്നാലെ വിമാനം തകര്‍ത്ത സംഭവത്തില്‍ ദുഃഖം അറിയിച്ച ഉര്‍ദുഗാന്‍ വിമാനം തകര്‍ത്ത നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നു വ്യക്തമാക്കി.അതേസമയം, സിറിയന്‍ അതിര്‍ത്തിയില്‍ വെടിവച്ചിട്ട റഷ്യന്‍ പോര്‍വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം റഷ്യക്കു കൈമാറുമെന്നു തുര്‍ക്കി വ്യക്തമാക്കി. വിമതനിയന്ത്രിത പ്രദേശത്തുനിന്നു ലഭിച്ച ലഫ്. കേണല്‍ ഒലേഗ് പെഷ്‌കോവിന്റെ മൃതദേഹമാണ് കൈമാറുക.വിമാനത്തിലുണ്ടായ മറ്റൊരു പൈലറ്റിനെ പ്രത്യേക സൈനിക നടപടിയിലൂടെ രക്ഷപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it