Kollam Local

പോര്‍ച്ചുഗീസുകാര്‍ പണിത ബക്കിങ് ഹാം കനാല്‍ കൈയേറ്റക്കാരുടെ പിടിയില്‍

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്കശ്ശേരി ബക്കിങ് ഹാം കനാല്‍ സ്വകാര്യ വ്യക്തികളും റിസോര്‍ട്ട് മാഫിയകളും ചേര്‍ന്ന് കൈയടക്കി. ചരിത്ര ശേഷിപ്പായി കനാല്‍ സംരക്ഷിക്കാന്‍ കൈയേറ്റക്കാര്‍ക്കെതിരേ ജില്ലാ ഭരണകൂടവും നടപടി തുടങ്ങി. തങ്കശ്ശേരിയില്‍ പോര്‍ച്ചുഗീസുകാര്‍ 1560ലാണ് കനാല്‍ പണിതത്. പോര്‍ച്ചുഗീസ് സെമിത്തേരിക്കും ലൈറ്റ്ഹൗസ് റോഡിനും ഇടയിലുള്ള കനാല്‍ മൗണ്ട് കര്‍മല്‍ കോണ്‍വെന്റിനു സമീപമായി കടലിലേക്കാണ് തുറക്കുന്നത്. തങ്കശ്ശേരി കോട്ടയില്‍ നിന്നും തുറമുഖത്തേക്കുള്ള ചരക്ക് നീക്കം സുഗമമാക്കാന്‍ വേണ്ടിയായിരുന്നു കനാല്‍ നിര്‍മിച്ചത്. തുടര്‍ന്ന് ഡച്ച് അധീനതയിലായ കോട്ടയും കനാലും 1795ലെ ഈസ്റ്റ് ഇന്ത്യാകമ്പനിയോടുള്ള കീഴടങ്ങലിനെ തുടര്‍ന്ന് ബക്കിങ് ഹാം കനാല്‍ എന്ന് പേരു ലഭിച്ചു. 1980ല്‍ നടത്തിയ ഒരു സര്‍വേയില്‍ കനാലിന് 750 മീറ്റര്‍ നീളവും കിഴക്കേ അറ്റത്ത് 12 അടി വീതിയും കടലിലേക്ക് തുറക്കുന്ന പടിഞ്ഞാറന്‍ വശത്ത് 100 അടി വരെ വീതിയും ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തില്‍ ഇരു വശവും കടലിലേക്ക് തുറന്നിരിക്കുകയായിരുന്നെങ്കിലും ബ്രിട്ടീഷ് കാലഘട്ടത്തിലുണ്ടായ ലൈറ്റ് ഹൗസ് റോഡ് നിര്‍മാണത്തെ തുടര്‍ന്ന് കിഴക്കന്‍ ഭാഗം അടയുകയായിരുന്നു. കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഏറ്റെടുത്തെങ്കിലും കനാല്‍ ഏറ്റെടുത്തിട്ടില്ല. ഇതാണ് കനാല്‍ ഇപ്പോള്‍ കൈയേറ്റക്കാരുടെ പിടിയിലമരാന്‍ കാരണം. അധികൃതരുടെ അനാസ്ഥ മൂലം ഈ കനാല്‍ ഇപ്പോള്‍ പലഭാഗത്തും ചാലായി മാത്രം മാറിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഇവ പൂര്‍ണമായും നികത്തപ്പെട്ടു കഴിഞ്ഞു. ഏറ്റവും അടുത്ത സമയങ്ങളില്‍ ഒരു റിസോര്‍ട്ട് ഗ്രൂപ്പ് കനാല്‍ കൈയേറിയിരുന്നു. ഈ പ്രദേശങ്ങളില്‍ വസ്തുക്കള്‍ക്ക് വന്‍ വിലയാണ്. ഇത് മുതലാക്കി റിയല്‍ എസ്റ്റേറ്റ് മാഫിയയും പ്രദേശത്ത് പിടിമുറിക്കിയിട്ടുണ്ട്. കൈയേറ്റം വ്യാപകമായതോടെ കനാല്‍ പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു സ്വകാര്യ വ്യക്തിയാണ് കനാല്‍ കൈയേറിയതെന്ന് കൊല്ലം വെസ്റ്റ് വില്ലേജ് ഓഫിസര്‍ ജി എസ് ശ്രീകുമാര്‍ പറഞ്ഞു. മതില്‍ കെട്ടുന്നതിന്റെ മറവില്‍ കനാല്‍ കൈയേറുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൈയേറ്റക്കാരന്‍ ഇത് കൈപ്പറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് ലാന്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍നടപടിക്ക് തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു. കനാലിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിക്കാന്‍ താലൂക്ക് സര്‍വേയറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നടപടികള്‍ നീണ്ടുപോയാല്‍ ബക്കിങ് ഹാം കനാല്‍ എന്നത് ചരിത്രത്തില്‍ മാത്രം ഉള്ള ഒന്നായി മാറപ്പെടും.
Next Story

RELATED STORIES

Share it