Flash News

പോര്‍ച്ചുഗലിലെ കാട്ടുതീയില്‍ 62 പേര്‍ കൊല്ലപ്പെട്ടു



ലിസ് ബണ്‍: പോര്‍ച്ചുഗലില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ 62 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പോര്‍ച്ചുഗലിലെ കൊയിമ്പ്രക്ക് 50 കി.മീറ്റര്‍ തെക്ക് -കിഴക്ക് സ്ഥിതി ചെയ്യുന്ന പെഡ്രോഗാവോ ഗ്രാന്‍ഡെ പ്രദേശത്ത് നിന്നു കാറുകളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ചയോടെയാണു മേഖലയില്‍ അഗ്നിബാധയുണ്ടായത്. അടുത്തിടെ രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ കാട്ടുതീ ദുരന്തമാണ് ഇതെന്ന് പോര്‍ച്ചുഗല്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. സംഭവത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 56 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. 30 പേര്‍ കാറുകള്‍ക്കുള്ളില്‍ കുടുങ്ങി വെന്തുമരിച്ചപ്പോള്‍ വാഹനങ്ങള്‍ക്ക് സമീപം 17 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വനപ്രദേശത്തെ റോഡിലൂടെ പോവുമ്പോള്‍ ഇവര്‍ തീയില്‍ അകപ്പെടുകയായിരുന്നു. നിരവധി പേര്‍ പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് അഗ്‌നിശമന സേനാംഗങ്ങളില്‍ രണ്ടു പേരുടെ നില ഗരുതരമാണ്. ശനിയാഴ്ച പോര്‍ച്ചുഗലിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച ഉഷ്ണക്കാറ്റില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.  ഇതേത്തുടര്‍ന്ന് രാജ്യത്തുടനീളം 60ഓളം ഇടങ്ങളില്‍ കാട്ടുതീയുണ്ടായി. ഇത് ഏറ്റവും രൂക്ഷമായത് പോര്‍ച്ചുഗലിന്റെ മധ്യ ഭാഗത്താണ്. അഗ്‌നിശമന സേനാംഗങ്ങളുടെയും 160ഓളം ഫയര്‍ എന്‍ജിനുകളുടെയും മണിക്കൂറുകളോളമുള്ള ശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. തീ വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് സമീപ ഗ്രാമങ്ങളിലുള്ളവരുടെ വസ്തുവകകള്‍ കത്തിനശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it