Flash News

പോരാട്ടങ്ങള്‍ ഈ 12 മൈതാനങ്ങളില്‍

പോരാട്ടങ്ങള്‍ ഈ 12 മൈതാനങ്ങളില്‍
X
മോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിന് അവസാനമാവാന്‍ ഇനി മണിക്കൂറുകള്‍  മാത്രം. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കാല്‍പന്തുകൊണ്ട് ലോക രാജാവാകാന്‍ 32 രാജ്യങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ അവര്‍ക്ക് കളമൊരുക്കി റഷ്യയുള്ളത് 11 വേദികളിലായി 12 മൈതാനങ്ങളാണ്.

1, മോസ്‌കോ     ലുഷ്‌നിക്കി


റഷ്യന്‍ ലോകകപ്പിലെ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മല്‍സരം നടക്കുന്ന വേദിയാണിത്. 80,000 ആളുകള്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ജൂലൈ 11ന് നടക്കുന്ന സെമി ഫൈനലിനും ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തിനും ലുഷ്‌നിക്കിയാണ് വേദി. ആകെ ഏഴ് മല്‍സരങ്ങളാവും ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടക്കുക.

2, സെന്റ്     പീറ്റേഴ്‌സ്ബര്‍ഗ്

2017 കോണ്‍ഫെഡറേഷന്‍സ് കപ്പ് മല്‍സരങ്ങള്‍ നടന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേഡിയത്തില്‍ 67,000 കാണികള്‍ക്കാണ് ഇരിക്കാന്‍ കഴിയുന്നത്. ഒരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരവും ഒരു സെമി ഫൈനലും ഒരു മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മല്‍സരവും സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് നടക്കുന്നത്. ആതിഥേയരായ റഷ്യയും ജൗജിപ്തും തമ്മിലുള്ള മല്‍സരവും സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍വച്ച് നടക്കും.

3, സോച്ചി ഫിഷ്ട്

2014ലെ വിന്റര്‍ ഒളിംപിക്‌സിനും പാരാ ഒളിംപിക്‌സിനും വേദിയായ സോച്ചി ഫിഷ്ട് സ്റ്റേഡിയത്തില്‍ 48,000 ആളുകള്‍ക്കാണ് ഇരിക്കാന്‍ കഴിയുന്നത്. ഒരു പ്രീ ക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടറുമാണ് സോച്ചി ഫിഷ്ട് സ്റ്റേഡിയത്തില്‍വച്ച് നടക്കുന്ന പ്രധാന മല്‍സരങ്ങള്‍. പോര്‍ച്ചുഗല്‍ സ്‌പെയിന്‍ മല്‍സരവും ഇവിടെയാണ് നടക്കുന്നത്.

4. കസാന്‍ അറീന


45,379  ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌റ്റേഡിയമാണ് കസാന്‍ അറീന.  ഒരു പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കും കസാന്‍ അറീന വേദിയാവും. 2013ല്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിനാണ് ഈ സ്‌റ്റേഡിയത്തിനു തറക്കല്ലിട്ടത്. റുബിന്‍ കസാന്‍ ടീമിന്റെ ഹോം ഗ്രൗണ്ടാണ് ഈ മൈതാനം.

5, നിഷ്‌നി     നവ്ഗറോദ്


ലോകകപ്പിന് വേണ്ടി പുതിയതായി നിര്‍മിച്ച മൈതാനമാണിത്. 44,899 ആളുകള്‍ക്കുള്ള ഇരിപ്പിടമാണ് ഇവിടെയുള്ളത്. ഒരു പ്രീ ക്വാര്‍ട്ടര്‍, ക്വര്‍ട്ടര്‍ മല്‍സരങ്ങളുള്‍പ്പെടെ ഏഴ് മല്‍സരങ്ങള്‍ക്ക് മൈതാനം സാക്ഷ്യം വഹിക്കും.

6, സമറാ അറീന


സമറാ ഐലന്റിലുള്ള സമറാ അറീന സ്റ്റേഡിയം ലോകകപ്പിന് വേണ്ടി പണികഴിപ്പിച്ചതാണ്. 44,918 ആളുകള്‍ക്കാണ് ഇവിടെ ഇരിപ്പിടമുള്ളത്. റഷ്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മല്‍സരത്തിനും സമറാ അറീനയാണ് വേദി. ഒരു പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും ഉള്‍പ്പെടെ ഏഴ് മല്‍സരങ്ങള്‍ക്ക് സമറാ അറീനയും വേദിയാവും.

7, റോസ്‌റ്റോവ്      അറീന

ലോകകപ്പിന് വേണ്ടി പുതിയതായി നിര്‍മിച്ച സ്റ്റേഡിയമാണിത്. 45,000 ആളുകള്‍ക്കാണ് സ്‌റ്റേഡിയത്തില്‍ ഇരിപ്പിടമുള്ളത്. ഒരു പ്രീ ക്വാര്‍ട്ടര്‍ ഉള്‍പ്പെടെ അഞ്ച് മല്‍സരങ്ങള്‍ക്കാണ് റോസ്‌റ്റോവ് അറീന സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. ലോകകപ്പിന് ശേഷം എഫ്‌സി റോസ്‌റ്റോവിന്റെ ഹോം സ്‌റ്റേഡിയമായി റോസ്‌റ്റോവ് അറീന മാറും

8, ഏക്കാറ്റരിന്‍ബര്‍ഗ്         അറീന

റഷ്യന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ എഫ്‌സി യൂറാളിന്റെ ഹോം ഗ്രൗണ്ടായ ഏക്കാറ്റരിന്‍ബര്‍ഗ് അറീനയില്‍ 35,000 ആളുകള്‍ക്കാണ് ഇരിപ്പിടമുള്ളത്. എന്നാല്‍ ലോകകപ്പില്‍ 23,000 ആളുകള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളു. 1957ല്‍ ആരംഭിച്ച ഈ മൈതാനത്ത് നാല് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ മാത്രമാണ് നടക്കുന്നത്. ലോകകപ്പിന് വേദിയാകുന്ന ഏഷ്യന്‍ റഷ്യയിലെ ഏക സ്‌റ്റേഡിയമാണിത്.

9, മോര്‍ഡോവിയ     അറീന


2017ല്‍ അരംഭിച്ച മോര്‍ഡോവിയ അറീന മൈതാനത്ത് 44,412 സീറ്റുകളാണുള്ളത്. ലോകകപ്പിന് ശേഷം മൂന്നാം ഡിവിഷന്‍ ക്ലബായ മോര്‍ഡോവിയ്ക്ക് കൈമാറാനാണ് അധികൃതരുടെ തീരുമാനം. നാല് ഗ്രൂപ്പ് സ്‌റ്റേജ് മല്‍സരങ്ങള്‍ മാത്രമാണ് മോര്‍ഡോവിയ അറീന സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

10, വോള്‍ഗോഗ്രാഡ്           അറീന


വോള്‍ഗ നദിക്ക് സമീപത്തുള്ള വോള്‍ഗോഗ്രാഡ് അറീന സ്റ്റേഡിയം ലോകകപ്പിന് വേണ്ടി തയ്യാറാക്കിയതാണ്. 45,568 ആളുകള്‍ക്കാണ് ഇവിടെ ഇരിപ്പിടമുള്ളത്. നാല് ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങളാണ് വോള്‍ഗോഗ്രാഡ് അറീനയില്‍ നടക്കുന്നത്.

11, മോസ്‌കോ       സ്പാര്‍ട്ടക്


റഷ്യയിലെ പ്രശസ്ത ക്ലബ്ബായ സ്പാര്‍ട്ടക് മോസ്‌കോയുടെ ഹോം ഗ്രൗണ്ടാണ് മോസ്‌കോ സ്പാര്‍ട്ടക്. 2014ല്‍ പണികഴിപ്പിച്ച സ്റ്റേഡിയത്തില്‍ 45,360 ആരാധകരെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. ഒരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരവും നാല് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങളുമാണ് ഇവിടെ നടക്കുന്നത്.

12, കലിനിഗ്രാഡ്


ലോകകപ്പിന് വേണ്ടി പണികഴിപ്പിച്ച സ്റ്റേഡിയത്തില്‍ 35,212 ആരാധകര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. നാല് ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ മാത്രമാണ് ഇവിടെ  നടക്കുന്നത്.
Next Story

RELATED STORIES

Share it