kozhikode local

പോരാട്ടങ്ങള്‍ക്കൊടുവില്‍ തോട്ട ഭൂമിയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി

മുക്കം: ജില്ലയില്‍ ഏറ്റവുമധികം ക്വാറികളും ക്രഷറുകളും എം സാന്റ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന കാരശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജില്‍ പെട്ട മൈസൂര്‍ മല പാറത്തോട് മേഖലയില്‍ ഖനന പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു. സബ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വില്ലേജ് ഓഫിസറാണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. തോട്ടഭൂമിയാണന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 30ന് അസിസ്റ്റന്റ് കലക്ടര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.
ഒരു മാസമായിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ തോട്ടഭൂമിയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കണ്ടെത്തിയാല്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് സബ് കലക്ടര്‍ ഏപ്രില്‍ 30ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സബ് കലക്ടറും ജില്ലാ ലാന്റ് ബോര്‍ഡ് ചെയര്‍മാനുമായ കെ ഗോപാലകൃഷ്ണനാണ് ഇതു സംബന്ധിച്ച് കോഴിക്കോട്, താമരശ്ശേരി തഹസില്‍ദാര്‍ മുഖേന വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമി തരം മാറ്റി ഖനന പ്രവര്‍ത്തനവും മറ്റും നടത്തുന്നത് നിര്‍ത്തിവെപ്പിക്കണമെന്ന പരാതിയിലാണ് ഈ നടപടി.
നേരത്തെ ഭൂപരിഷ്‌ക്കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം ഇളവനുവദിച്ച തോട്ട ഭൂമി കൈമാറ്റം ചെയ്ത് തരം മാറ്റം നടത്തുന്നതിനെതിരെ ഹൈക്കോടതി 2015 ഫെബ്രുവരി 13ന് പുറപ്പെടുവിച്ച വിധി നടപ്പിലാക്കണമെന്നും ഭൂപരിഷ്‌ക്കരണ നിയമത്തെ സംരക്ഷിച്ചു കൊണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നടപ്പാക്കി വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന ലാന്റ് ബോര്‍ഡ് സെക്രട്ടറി പി മേരിക്കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.
തോട്ട ഭൂമിയില്‍ ഇളവനുവദിച്ച ഇടത്തിലല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തരംമാറ്റം വരുത്തലാണന്നും ഇത് തടയാന്‍ അധികാരപെട്ട ഉദ്യോഗസ്ഥനോ കലക്ടറോ നടപടി സ്വീകരിച്ചില്ല എന്നുമുള്ള ഹൈക്കാടതി പരാമര്‍ശവും ലാന്റ് ബോര്‍ഡ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു.നിയമം മറികടന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജിലെ റീസര്‍വേ 78/2 എ യില്‍പെട്ട മൈസൂര്‍ മല ഫാത്തിമ എസ്‌റ്റേറ്റിലെ റബര്‍ തോട്ട ഭൂമി വ്യാപകമായി റബര്‍ മരങ്ങള്‍ മുറിച്ചുനീക്കിയും കുന്നുകള്‍ ഇടിച്ചു നിരത്തിയും പാറ തെളിച്ചെടുത്തും നിരവധി കരിങ്കല്‍ ക്വാറികള്‍, സ്‌റ്റോണ്‍ ക്രഷറുകള്‍, എം സാന്റ് യൂനിറ്റുകള്‍ എന്നിവ നടത്തി വരികയായിരുന്നു.
സകല നിയമങ്ങളും കാറ്റില്‍ പറത്തി നടത്തുന്ന ഖനനങ്ങളെ കുറിച്ചും അത് മൂലമുണ്ടാവുന്ന പരിസ്ഥിതി ആഘാതവും ജലചൂഷണവും അതിഭീകരമാണന്നും കാണിച്ച് 20 വര്‍ഷത്തോളമായി വിവിധ പരിസ്ഥിതി സംഘടനകളും നാട്ടുകാരും ലാന്റ് ബോര്‍ഡിലും ഹൈക്കോടതിയിലും കേസ് നടത്തി വരികയാണ്. സമാന പരാതികള്‍ താമരശ്ശേരി താലൂക്ക് പരിധിയിലും നിലവിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ 2015 ജൂലൈ 21ന് സബ് കലക്ടറുടെ ചേംബറില്‍ അഡീഷണല്‍ തഹസില്‍ദാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ പോലീസ് വിജിലന്‍സ് വിഭാഗം, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി, കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ എന്നിവരുടെ യോഗം ചേരുകയും ഖനന പ്രവര്‍ത്തനങ്ങളും മറ്റും പരിശോധിക്കുന്നതിന് സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തഹസില്‍ദാരുടെ നേത്രത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ആറിന് ക്വാറി ഉടമകളെ താലൂക്ക് ഓഫീസില്‍ വിസ്തരിക്കുകയും ചെയ്തു. ഉടമകള്‍ നല്‍കിയ രേഖകള്‍ സഹിതം തഹസില്‍ദാര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ജില്ലാ ഭരണകൂടം ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത് വര്‍ഷങ്ങളായി തങ്ങള്‍ നടത്തി വരുന്ന സമരങ്ങളുടേയും പോരാട്ടങ്ങളുടേയും വിജയമാണന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി അജിത്കുമാര്‍ പറഞ്ഞു
Next Story

RELATED STORIES

Share it