Editorial

പോരാട്ടം പാതിവഴിയില്‍ നിര്‍ത്തരുത്‌

കേരളത്തില്‍ രൂപപ്പെട്ടുവരുന്ന മുസ്‌ലിംവിരുദ്ധ നീക്കത്തിനെതിരായി യോജിച്ചു നിന്നു പൊരുതാന്‍ തീരുമാനിച്ചിരിക്കുകയാണ് ചില മുസ്‌ലിം സംഘടനകള്‍. സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന ന്യൂനപക്ഷ-ദലിത് വിരുദ്ധ ആശയങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ കേരളത്തിലെ സെക്കുലര്‍ പൊതുബോധം സഞ്ചരിച്ചുതുടങ്ങിയതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് അടുത്തകാലത്ത് കാണാന്‍ തുടങ്ങിയിട്ടുള്ളത്. മുസ്‌ലിം വേട്ടയില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ കടത്തിവെട്ടുന്ന രീതിയിലാണ് കേരളത്തിലെ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ നടപടികള്‍. ഇടതു രാഷ്ട്രീയവും ഏറക്കുറേ ആ ദിശയില്‍ സഞ്ചരിക്കുന്നു. ഫാറൂഖ് കോളജില്‍ ലിംഗവിവേചനമെന്ന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്ന് അതിനു മുസ്‌ലിംവിരുദ്ധ നിറം നല്‍കുന്ന കാര്യത്തില്‍ എബിവിപിയും എസ്എഫ്‌ഐയും ഒരേ ഭാഷയില്‍ സംസാരിക്കുന്നതും ഒരേ മട്ടില്‍ പ്രവര്‍ത്തിക്കുന്നതും യാദൃച്ഛികമല്ല. ഈ ഘട്ടത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കുണ്ടായ ഉണര്‍വ് സമുചിതം തന്നെ.
മുസ്‌ലിംലീഗാണ് ഈ പ്രതിരോധത്തിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍, ലീഗിന്റെ ഇത്തരം ഉദ്യമങ്ങളെല്ലാം, അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാഞ്ഞും മറഞ്ഞും പോകുമെന്ന് പറയാതിരിക്കാന്‍ വയ്യ. സംവരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നാം അതു കണ്ടതാണ്. സംഘപരിവാരത്തിനെതിരായി ഇപ്പോള്‍ കര്‍ക്കശമായി സംസാരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയനയങ്ങളുടെ ഭാഗമായി ഏതു ഘട്ടത്തില്‍ പ്രസ്തുത വിരോധത്തില്‍ അയവു വരുമെന്ന് പറഞ്ഞുകൂടാ. കോ-ലീ-ബി സഖ്യവും മറ്റും നമ്മുടെ മുമ്പിലുണ്ടല്ലോ. ആയതിനാല്‍ മുസ്‌ലിംലീഗ് മുന്‍കൈയെടുത്ത് നടത്തുന്ന ഇത്തരം പ്രതിരോധശ്രമങ്ങള്‍ മിക്കതും അകാലത്തില്‍ അസ്തമിച്ചുപോയ ചരിത്രമാണുള്ളത്.
മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഐക്യമാണ് ലക്ഷ്യമെങ്കിലും തങ്ങള്‍ക്ക് അഭികാമ്യമല്ലാത്ത സംഘടനകളെ ഐക്യനിരയില്‍ നിന്ന് പുറത്തുനിര്‍ത്താനുള്ള വെമ്പല്‍ ഇക്കൂട്ടത്തില്‍പ്പെട്ട പല സംഘടനകള്‍ക്കുമുണ്ട്. എല്ലാവരും ചേര്‍ന്ന് വേറെ ചിലരെ അപകടകാരികളും തീവ്രവാദികളുമായി മുദ്രകുത്തുകയും ചെയ്യുന്നു. കാവിരാഷ്ട്രീയത്തിന്റെ ഫാഷിസ്റ്റ് ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയാവുന്ന പോപുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും മറ്റും അയിത്തം കല്‍പിക്കാനാണ് പലര്‍ക്കും വ്യഗ്രത. ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജനാധിപത്യവിരുദ്ധ നടപടിക്കെതിരായി മിണ്ടുന്നുപോലുമില്ലല്ലോ പലരും. തന്‍കാര്യം ഭദ്രമായാല്‍ മതി എന്ന ഈ നിലപാട് എത്രത്തോളം ഗുണംചെയ്യുമെന്നു കൂടി ഐക്യത്തിന്റെ വക്താക്കള്‍ ആലോചിക്കണം.
പലപ്പോഴും ഇത്തരം ഐക്യനീക്കങ്ങള്‍ മുസ്‌ലിം സമുദായത്തിലെ വരേണ്യവര്‍ഗത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാവുന്നുമുണ്ട്. വിദ്യാഭ്യാസ-വാണിജ്യരംഗങ്ങളിലെ പ്രമാണിമാരുടെ ഇച്ഛകള്‍ പൂര്‍ത്തീകരിക്കാന്‍ സാമുദായികബോധത്തെ കൂട്ടുപിടിക്കുന്ന പ്രവണത വ്യാപകമാണ്. അതുകൊണ്ടു തന്നെ മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള ഉദ്യമങ്ങള്‍ക്ക് വിശ്വാസ്യത കുറഞ്ഞുപോവുകയും അവ കാട്ടിക്കൂട്ടലുകളായി പരിണമിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ഐക്യം അങ്ങനെയാവരുത്. പത്രപ്രസ്താവന നല്‍കി നേതാക്കന്‍മാര്‍ മൂടുംതട്ടി പോവുകയുമരുത്. യുദ്ധപ്രഖ്യാപനം നടത്തിയവര്‍ യുദ്ധം മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം.
Next Story

RELATED STORIES

Share it