Flash News

പോരാട്ടം കടുപ്പിക്കാന്‍ ക്ലബ് വമ്പന്‍മാര്‍

പോരാട്ടം കടുപ്പിക്കാന്‍ ക്ലബ് വമ്പന്‍മാര്‍
X


ലോകകപ്പ് ആവേശങ്ങള്‍ക്ക് കൊടിയിറങ്ങി. ഇനി ക്ലബ് ഫുട്‌ബോള്‍ പൂരം.  ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ മല്‍സരിക്കാനൊരുങ്ങുന്നത് 20 ടീമുകള്‍.  ഏറ്റവും കൂടുതല്‍ കിരീടം അക്കൗണ്ടിലാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡും 2015-16 സീസണില്‍ കിരീടം ചൂടിയ ലെസ്റ്റര്‍ സിറ്റിയും തമ്മിലുള്ള പോരോടെയാണ് അടുത്ത മാസം 10ന്  പ്രീമിയര്‍ ലീഗിന് പന്തുരുളുക.  ഇത്തവണത്തെ പ്രീമിയല്‍ ലീഗിലെ പ്രമുഖ ടീമുകളെ ഒന്ന് പരിചയപ്പെടാം.

മാഞ്ചസ്റ്റര്‍ സിറ്റി

കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം തന്നെ കാഴ്ച വയ്ക്കാനുള്ള ഒരുക്കത്തിലാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും. ലെസ്്റ്ററിന് വേണ്ടി തകര്‍പ്പന്‍ കളി പുറത്തെടുത്ത റിയാദ് മെഹ്‌റസിനെ 4.5 കോടി പൗണ്ടിന് തട്ടകത്തെത്തിച്ച് സിറ്റി  ഒരുങ്ങിത്തന്നെയാണ്. 13 താരങ്ങളെയാണ് സിറ്റി സീസണിന് മുമ്പ് മാഞ്ചസ്റ്ററില്‍ കൊണ്ടെത്തിച്ചത്. എന്നാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ യായ ടൂറിയെ ടീമിന് ഒഴിവാക്കേണ്ടി വന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പ്രീമിയര്‍ ലീഗ് കരിയറില്‍ കിരീടം ചൂടി റെക്കോഡുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇത്തവണയും ആ റെക്കോഡ് മറികടക്കാനുള്ള തിടുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ 19 പോയിന്റുകള്‍ക്ക് കൈവിട്ടു പോയ കിരീടം വന്‍പടയോടു കൂടി തിരിച്ചുപിടിക്കാമെന്ന വിശ്വാസം അവര്‍ക്കുണ്ട്. 28.80 മില്യണ്‍ പൗണ്ടിന് ടീമിലെത്തിച്ച ബ്രസീലിയന്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ഫ്രെഡുമായാണ് ടീം ഇനി പുതിയൊരധ്യയനത്തിന് തുടക്കം കുറിക്കുന്നത്. പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ ലീ ഗ്രാന്‍ഡിനെ ടീം എതിരേറ്റപ്പോള്‍ ഹോളണ്ട് ഡിഫന്‍ഡര്‍ ഡിലേ ബ്ലൈന്‍ഡിനെ ടീം തഴയുകയും ചെയ്തു.

ടോട്ടനം

വിജയപരമായ മൂന്നാം സീസണിലേക്കാണ് ടോട്ടനം ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ വമ്പന്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെ ടീം ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഹോളണ്ട് താരം വിന്‍സെന്റ് ജാന്‍സനെ ടീമിലെത്തിച്ചതാണ് ടോട്ടനത്തിന്റെ ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വാര്‍ത്ത.

ലിവര്‍പൂള്‍
വര്‍ഷങ്ങള്‍ക്ക് ശേഷം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചാണ് കഴിഞ്ഞ സീസണ്‍ ലിവര്‍പൂള്‍ ഗംഭീരമാക്കിയത്. കൂടാതെ കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയ ചെമ്പട ഫോം നിലനിര്‍ത്തി തന്നെയാണ് ഇത്തവണയും കിരീടപ്പോരിനിറങ്ങുന്നത്. ഈ സീസണിലും പൊടിപൊടിക്കാന്‍ ലോകകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഷര്‍ദന്‍ ഷാക്കിരിയെയും ബ്രസീല്‍ താരം ഫാബീഞ്ഞോയെയും നബി കെയ്റ്റയെയും അങ്കത്തട്ടിലെത്തിച്ച ലിവര്‍പൂള്‍ വര്‍ഷങ്ങള്‍ക്ക ശേഷം വീണ്ടുമൊരു ലീഗ് രാജാക്കന്‍മാരാവാനുള്ള ഒരുക്കത്തിലാണ്.

ചെല്‍സി
2016-17 സീസണില്‍ ചെല്‍സിയെ കിരീടത്തില്‍ മുത്തമിടാന്‍ സഹായിച്ച അന്റോണിയോ കോന്റെയുടെ അഭാവമാണ് ടീമിനെ കൂടുതല്‍ അലട്ടുന്നത്. ഈ സീസണിന് മുമ്പായി ടീം വിട്ട കോന്റെയ്ക്ക് പകരം മുന്‍ നാപ്പൊളി കോച്ച് മൗറീസിയോ സറിയുടെ കീഴിലായിരിക്കും ഇത്തവണ ടീമിറങ്ങുക. ബ്രസീലിയന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ജോര്‍ഗിഞ്ഞോയെ ടീമിലെത്തിച്ചതോടെ കഴിഞ്ഞ സീസണില്‍ പ്രധാന തലവേദനയായിരുന്ന പ്രതിരോധ നിര ശക്തമാക്കാണ് സറി ശ്രമിക്കുന്നത്.  ലെഫ്റ്റ് മിഡ്ഫീല്‍ഡറായ ബ്രസീലിന്റെ തന്നെ കെനഡിയെയും ചെല്‍സി ടീമിലെത്തിച്ചിട്ടുണ്ട്.

ആഴ്‌സനല്‍
ആഴ്‌സനലിന് മൂന്ന് തവണ കിരീടം സമ്മാനിച്ച കോച്ച് ആഴ്‌സന്‍ വെങറിന്റെ പടിയിറക്കത്തിന്റെ ഞെട്ടലിന് ശേഷമാണ് കിരീടംപിടിക്കാനുറപ്പിച്ച് ആഴ്‌സനല്‍ ബൂട്ടണിയുന്നത്.  വെങറിന് പകരക്കാരനായി ടീമിനെ നയിക്കാന്‍ പിഎസ്ജി കോച്ച് ഉനായ് എമെറി എത്തിയിട്ടുണ്ടെങ്കിലും ആ വിടവ് നികത്താന്‍ ഉനായ് എമെറിക്കാവുമോ എന്ന് കണ്ടറിയാം. മുന്‍ സാംപഡോറിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്ന ഉറുഗ്വേ താരം ലൂക്കാസ് ടൊറെയ്‌റയെയാണ് ഈ സീസണിലേക്ക് ടീം സീസണിലെ മികച്ച ട്രാന്‍സ്ഫര്‍ തുകയ്ക്ക് സ്വന്തമാക്കിയത്. കൂടാതെ മുമ്പ് ടീമില്‍ നിന്നും ഡിപ്പാര്‍ട്ടീവ ലാ കൊരുണയിലേക്ക് കൂടുമാറിയിരുന്ന സ്പാനിഷ് മുന്നേറ്റ താരം ലൂക്കാസ് പെരെസ് ടീമിലെത്തിയതും ടീമിന് ആശ്വാസമേകും. ടീമില്‍ പരിചയ സമ്പത്തുള്ള സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സാന്റി കസോര്‍ലയെ ഒഴിവാക്കിയിട്ടുണ്ട്.

ബേണ്‍ലി

കഴിഞ്ഞ സീസണിലൂടെ മിന്നും പ്രകടനം കാഴ്ച വച്ചത് പോലെ സമാനമായ മറ്റൊരു സീസണിനാണ് ബേണ്‍ലി ലക്ഷ്യമിട്ടിരിക്കുന്നത്. കാരണം മാഞ്ചസ്റ്റര്‍ സിറ്റി, യുനൈറ്റഡ്, ടോട്ടനം, ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സനല്‍ എന്നീ ടീമുകള്‍ക്ക് പിന്നില്‍ ഏഴാം സ്ഥാനവുമായി സീസണ്‍ അവസാനിപ്പിച്ച അവര്‍ ഈ നേട്ടത്തിലൂടെ യൂറോപ്പ ലീഗിന്റെ രണ്ടാം യോഗ്യതാ റൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

എവര്‍ട്ടന്‍

കഴിഞ്ഞ സീസണില്‍ ടീമിനോടൊപ്പമുണ്ടായിരുന്ന സാം അല്ലാര്‍ഡൈസിന്റെ സ്ഥാനത്ത് നിലവില്‍ പോര്‍ച്ചുഗല്‍ താരം മാര്‍ക്കോ സില്‍വയെ കൊണ്ടുവന്നാണ് എവര്‍ട്ടന്‍ കളിമെനയുന്നത്. കഴിഞ്ഞ സീസണ്‍ വരെ ടീമിന്റെ കുന്തമുനയായിരുന്ന വെയിന്‍ റൂണി ടീം വിട്ടത് ടീമിന് വന്‍ ആഘാതമാണ് നല്‍കിയിരിക്കുന്നത്. പകരം അഡെമോള ലുക്മാനെയും സ്പാനിഷ് താരം സാന്‍ഡ്രോ റാമിറെസിനെയും ബെല്‍ജിയം വിങര്‍ കെവിന്‍ മിറാലസിനെയും ടീമിലെത്തിച്ച് താരത്തിന്റെ വിടവ് നികത്താനാണ് ടീം ശ്രമിക്കുന്നത്.

ലെസ്റ്റര്‍ സിറ്റി
സൂപ്പര്‍ താരം റിയാദ് മെഹ്‌റസിനെ വിട്ടു നല്‍കിയാണ് ലെസ്റ്റര്‍ സീസണിലെ ലീഗില്‍ ഇറങ്ങുന്നത്. എങ്കിലും ലോകകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി ഇറങ്ങിയ ജാമി വാര്‍ഡിയെയാണ് ടീം ആക്രമണം ഏല്‍പ്പിക്കുന്നത്.

ബേണ്‍മൗത്ത്
നിലവില്‍ ഇംഗ്ലീഷ് പ്രീമിര്‍ ലീഗിലെ പരിശീലകന്‍മാരില്‍ ഏറ്റവും കൂടുതല്‍ ടീമിനൊപ്പം ചെലവഴിച്ച  എഡ്ഡി ഹൗവിന്റെ ശിക്ഷണത്തിലാണ് ബേണ്‍മൗത്ത് ഇത്തവണയും പന്ത് തട്ടുന്നത്. 2012 ഒക്ടോബര്‍ 12ന് ബേണ്‍മൗത്തിന്റെ പരിശീലകസ്ഥാനമേറ്റെടുത്ത മുന്‍ ഇംഗ്ലണ്ട് താരം തുടര്‍ച്ചയായ ഏഴാം തവണയാണ് പ്രീമിയര്‍ ലീഗില്‍ ടീമിനെ കളത്തിലിറക്കുന്നത്.   വെയ്ല്‍സിന്റെ യുവതാരവും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ ഡേവിഡ് ബ്രൂക്‌സിനെയാണ് കഴിഞ്ഞ സീസണിന് ശേഷം ടീമിന്റെ സീസണിലെ ഏറ്റവും മികച്ച ട്രാന്‍സ്ഫര്‍ തുകയ്ക്ക് തട്ടകത്തിലെത്തിച്ചത്.
Next Story

RELATED STORIES

Share it