Flash News

പോപുലര്‍ ഫ്രണ്ട് സമ്മേളനം അലങ്കോലപ്പെടുത്താന്‍ പോലിസ് ഗൂഢാലോചന



തിരുവനന്തപുരം: ജനസാഗരങ്ങള്‍ ഒഴുകിയെത്തിയ പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം അലങ്കോലപ്പെടുത്താന്‍ പോലിസ് ശ്രമം. ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞാണ് പോലിസിന്റെ ഭാഗത്തുനിന്ന് മോശമായ സമീപനം ഉണ്ടായത്. വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രവര്‍ത്തകരെയാണ് തിരുവനന്തപുരം ടൗണില്‍ കയറ്റാതെ പോലിസ് പല ഭാഗങ്ങളിലേക്കു വഴിതിരിച്ചുവിട്ടത്. റാലി തുടങ്ങുന്ന സ്ഥലമായ മ്യൂസിയത്തിന്റെ സമീപത്തേക്കു പോവുന്നതിന് വഴിയറിയാതിരുന്ന പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് പോലിസ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് പിഎസ്‌സി പരീക്ഷയുണ്ടായിരുന്നതിനാല്‍ നിരവധിപേര്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നു. എന്നാല്‍ പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തനംമൂലം ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും പോലിസിന്റെ വാഹനം തടയലും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയായിരുന്നു. ചില സ്ഥലങ്ങളില്‍ പോലിസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സമ്മേളനറാലി തുടങ്ങുന്നിടത്തു നിന്ന് ആറ് കിലോമീറ്റര്‍ ദൂരെ വാഹനം നിര്‍ത്തി കുട്ടികളും സ്ത്രീകളുമടക്കം നടന്നുവരേണ്ട സ്ഥിതിയുണ്ടായി.മൂന്നുമണിക്ക്് തുടങ്ങേണ്ട ജാഥ ഇതോടെ 3.30നേ തുടങ്ങാനായുള്ളൂ. റാലിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പോലിസ് കയര്‍ത്തു. മാധ്യമ പ്രവര്‍ത്തകരാണെന്നു പറഞ്ഞിട്ടും മാറിനില്‍ക്കാന്‍ ആക്രോശിക്കുകയായിരുന്നു. പിഎസ് എസി പരീക്ഷയ്ക്ക് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേടാണെന്ന് സംസ്ഥാന ജന. സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. കുട്ടികളെയും സ്ത്രീകളെയും ബുദ്ധിമുട്ടിച്ച പിണറായി സര്‍ക്കാരിനെ പി സി ജോര്‍ജ് എംഎല്‍എയും വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it