Flash News

പോപുലര്‍ ഫ്രണ്ട് രാഷ്ട്രപതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു

ന്യൂഡല്‍ഹി: ജനാധിപത്യവിരുദ്ധവും അധാര്‍മികവുമായ രീതിയില്‍ ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടി പിന്‍വലിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന രാഷ്ട്രപതിക്കും ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്കും നിവേദനം നല്‍കി.
പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നുള്ള സാമൂഹിക മുന്നേറ്റം എന്ന നിലയില്‍ സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രത്യേകിച്ച് മുസ്്‌ലിംകളുടെയും ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ് പോപുലര്‍ ഫ്രണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നിവേദനത്തില്‍ പറയുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ട വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര നിയമമന്ത്രിക്കും  കത്തയച്ചിട്ടുണ്ട്. ഇതിനു പുറമേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ജാര്‍ഖണ്ഡ് മനുഷ്യാവകാശ കമ്മീഷന്‍, ജാര്‍ഖണ്ഡ് ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയ്ക്കും പ്രത്യേകം നിവേദനങ്ങള്‍ നല്‍കി. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംഘടനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് നിരോധനമെന്ന് നിവേദനത്തില്‍ പറയുന്നു.
പോപുലര്‍ ഫ്രണ്ടിന് ഐഎസുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഐഎസിന്റെ അപകടത്തെക്കുറിച്ച് പോപുലര്‍ ഫ്രണ്ട് അതിന്റെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഏതെങ്കിലും സംഘടനകളുടെ ആശയങ്ങളോട് പോപുലര്‍ ഫ്രണ്ടിന് കടപ്പാടില്ല. വിദേശത്തുള്ള ഒരു സംഘടനയുമായും പോപുലര്‍ ഫ്രണ്ടിന് ബന്ധമില്ല. രാജ്യത്ത് ആയിരക്കണക്കിന് അംഗങ്ങളുള്ള പോപുലര്‍ ഫ്രണ്ടില്‍ നിന്ന് ആരും ഐഎസില്‍ ചേര്‍ന്നിട്ടില്ലെന്നും മുഹമ്മദലി ജിന്ന പറഞ്ഞു. പോപുലര്‍ ഫ്രണ്ട് രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് നിവേദനങ്ങളില്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍, വിദ്വേഷ പ്രസംഗം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പോലിസ് അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരേ ഇടപെട്ടതിലുള്ള പ്രതികാര നടപടിയാണ്  നിരോധനം. രാജ്യത്ത് എവിടെയും പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ സാധൂകരിക്കുന്ന ഒരു കാരണം പോലും ചൂണ്ടിക്കാട്ടാനാവില്ലെന്ന് മുഹമ്മദലി ജിന്ന പറഞ്ഞു.
Next Story

RELATED STORIES

Share it