Flash News

പോപുലര്‍ ഫ്രണ്ട് രാഷ്ട്രീയ കാഴ്ചപ്പാടുള്ള സംഘടന : ഡിജിപി



തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് കേരളത്തില്‍ മാത്രമായി ഒതുങ്ങുന്ന സംഘടനയല്ലെന്നും അവര്‍ക്കു രാഷ്ട്രീയമായ കാഴ്ചപ്പാടുകളുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഘടനയെ നിരോധിക്കണോ എന്ന തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബെഹ്‌റ പറഞ്ഞു.  14ഓളം സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് സാന്നിധ്യമുണ്ട്. കൈവെട്ട് കേസുകള്‍ പോലെ പലതിലും മുമ്പ് അവര്‍ ഇടപെട്ടിട്ടുണ്ട് എന്നറിയാം. എന്നാല്‍ താന്‍ ചാര്‍ജ് ഏറ്റെടുത്ത സമയം മുതല്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഒരു സംഘടന വിദേശരാജ്യങ്ങളില്‍ പോയി രാജ്യദ്രോഹ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ അതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. അതിനു സര്‍ക്കാരിന്റെ പക്കല്‍ മികച്ച ഏജന്‍സിയുമുണ്ട്. അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ട രേഖകളെല്ലാം തങ്ങള്‍ കൈമാറി. അതു പരസ്യമായതാണെന്നും ബെഹ്‌റ പറഞ്ഞു.മതം മാറാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിയമത്തിന് അതിനെ എതിര്‍ക്കാന്‍ കഴിയില്ല. എന്നാല്‍, കാര്യങ്ങള്‍ മാറിമറിയുന്നത് നിര്‍ബന്ധ മതപരിവര്‍ത്തനം ഉണ്ടാവുമ്പോഴാണ്. നിര്‍ബന്ധ മതപരിവര്‍ത്തനം യുഎപിഎ ചുമത്താന്‍ കഴിയുന്ന കുറ്റകൃത്യമാണ്. മതപരിവര്‍ത്തനം നിയമവിരുദ്ധമല്ല. നിര്‍ബന്ധ മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാവണം- ബെഹ്‌റ പറഞ്ഞു.കേരളത്തില്‍ നിന്നു ചിലരെ അഫ്ഗാനിസ്താനിലേക്കും സിറിയയിലേക്കും കൊണ്ടുപോയി എന്ന ആരോപണം സ്ഥിരീകരിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. അവര്‍ എവിടെയാണ് എന്ന് അറിയാതെയും അവരോട് സംസാരിക്കാതെയും ആരോപണം സത്യമാണ് എന്നു പറയാന്‍ എങ്ങനെ കഴിയുമെന്ന് ബെഹ്‌റ ചോദിച്ചു. ഹാദിയ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രസ്താവനയ്ക്കു തയ്യാറാവുന്നില്ലെന്നും ബെഹ്‌റ പറഞ്ഞു.
Next Story

RELATED STORIES

Share it