Flash News

പോപുലര്‍ ഫ്രണ്ട് നിരോധന നീക്കം ഫാസിസം: ജമാഅത്ത്

പോപുലര്‍ ഫ്രണ്ട് നിരോധന നീക്കം ഫാസിസം: ജമാഅത്ത്
X



ന്യൂഡല്‍ഹി: നവ സാമൂഹിക പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. അധികാരത്തിലേറിയതിനു പിന്നാലെ നിലവിലെ സര്‍ക്കാര്‍ മുസ്‌ലിം സംഘടനകളെ തൊടുന്യായങ്ങള്‍ പറഞ്ഞ് ലക്ഷ്യംവയ്ക്കുകയാണ്. രാജ്യത്തെ ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും കീഴൊതുങ്ങി പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നതായും നേതാക്കള്‍ വ്യക്തമാക്കി.
നിയമാനുസൃതം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളെ നിരോധിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് നടപടിയുമാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആരെങ്കിലും നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട വ്യക്തിക്കെതിരേ കര്‍ശന നടപടി എടുക്കണം. എന്നാല്‍ സംഘടനകളെ നിരോധിക്കുന്നത് ജനാധിപത്യത്തില്‍ ശരിയായ കാര്യമല്ലെന്നും ചോദ്യത്തിന് മറുപടിയായി ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ സലീം എഞ്ചിനീയര്‍ പറഞ്ഞു. ഇത്തരമൊരു നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രസിഡന്റ് മൗലാനാ സയ്യിദ് ജലാലുദ്ധീന്‍ ഉമരി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലം മുതലേ പിഎഫ്‌ഐ നിരോധന ഭീഷണി നേരിടുന്നുണ്ട്. പിഎഫ്‌ഐയെ സംബന്ധിച്ചിടത്തോളം നിരോധനം ഒരു തിരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നും ഉമരി പറഞ്ഞു.
ലോക പ്രശസ്ത ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ മോദി ഭരണകൂടം കരിമ്പട്ടികയില്‍ പെടുത്തിയതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ബിജെപി നേതൃത്വം നല്‍കിയ പ്രഥമ എന്‍ഡിഎ സര്‍ക്കാര്‍ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ് മെന്റ് ഓഫ് ഇന്ത്യ (സിമി)യെ 2001ല്‍ നിരോധിച്ചിരുന്നു. സുപ്രിംകോടതി ഈ കേസില്‍ ഇതുവരെ വാദം കേട്ടിട്ടില്ല. അതേസമയം, ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള അഭിനവ് ഭാരത്, സനാഥന്‍ സന്‍സ്ത പോലുള്ള ഹിന്ദുത്വ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.


[related]
Next Story

RELATED STORIES

Share it