പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് കേരളം ആവശ്യപ്പെട്ടതായി വാര്‍ത്ത

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. ഡിജിപിമാരുടെ വാര്‍ഷിക യോഗത്തില്‍ കേരള പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് വിഷയം ഉന്നയിച്ചതെന്നും സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദമായ പ്രസന്റേഷന്‍ ബെഹ്‌റ അവതരിപ്പിച്ചതായും കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
പോപുലര്‍ ഫ്രണ്ട് നിരോധനത്തിനായി യോഗത്തില്‍ കേരളം സമ്മര്‍ദമുയര്‍ത്തിയെന്നും ഈ ആവശ്യം പരിശോധിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നതായി കേരളം അഭിപ്രായപ്പെട്ടു. നാലു കേസുകളുടെ പട്ടിക ബെഹ്‌റ സമര്‍പ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തിലായിരുന്നു ഡിജിപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, താന്‍ പറഞ്ഞത് തെറ്റായാണ് പത്രം ഉദ്ധരിച്ചതെന്ന് റിജിജു ഇന്നലെ രാത്രി ട്വിറ്ററില്‍ അറിയിച്ചു. കേരള സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായി താന്‍ പറഞ്ഞിട്ടില്ല. സര്‍ക്കാരിലെ ചിലരും മറ്റു പലരും അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.



Next Story

RELATED STORIES

Share it