Pathanamthitta local

പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ച് ഇന്ന് പന്തളത്ത്

പന്തളം: പോപുലര്‍ ഫ്രണ്ട് പ്രഖ്യാപനദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പന്തളത്ത് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ഇന്ന് നടക്കും. പൂര്‍വ്വികര്‍ നേടിയെടുത്ത സ്വതന്ത്യവും ജനധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണെന്ന സന്ദേശം നല്‍കുന്നതുകൂടിയാണ് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നത്.
യൂനിറ്റി മാര്‍ച്ചിന് മുന്നോടിയായി ഇന്ന് രാവിലെ യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കേഡറ്റുകളാണ് യൂനിറ്റി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
വൈകിട്ട് നാലിന് ചിത്രാ ജങ്ഷനില്‍ നിന്നും യൂനിറ്റി മാര്‍ച്ചും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജനറാലിയും ആരംഭിക്കും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജങ്ഷന് സമീപം നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കും.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി എ റഊഫ്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി, എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, കാംപസ് ഫ്രണ്ട് ഓഫ്് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
ചരിത്രമുറങ്ങുന്ന പന്തളത്തിന്റെ വിപ്ലവ മണ്ണ് പരിപാടിയെ വരവേല്‍ക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഫാഷിസ്റ്റ് ഭരണകൂടത്തിനും ചൂഷകവര്‍ഗത്തിന്റെ മര്‍ദ്ദനോപാദികള്‍ക്കും എതിരേ, ജനകീയ വിപ്ലവത്തിന്റെ പാതതെളിക്കുന്ന പോപുലര്‍ഫ്രണ്ട് യാത്രസംഘത്തിനു അഭിവാദ്യം അര്‍പ്പിക്കാന്‍, ചരിത്രമുഹൂര്‍ത്തത്തിനു കാതോര്‍ക്കാന്‍, ആ ജനമുന്നേറ്റത്തില്‍ അണിചേരാന്‍, പതിനായിരങ്ങള്‍ പന്തളത്ത് സംഗമിക്കുമെന്നും  സംഘാടകര്‍ പറഞ്ഞു.
സ്വാഗതം സംഘം ജനറല്‍ കണ്‍വീനര്‍ എസ് നിസാര്‍, ജില്ലാ പ്രസിഡന്റ് കെ എസ് ഷഫീക്ക്, ജില്ലാ സെക്രട്ടറി ടി ജി ഷാനവാസ്, ഡിവിഷന്‍ സെക്രട്ടറി വഹാബ്. മുട്ടാര്‍ ഡിവിഷന്‍ പ്രസിഡന്റ്, അനീഷ് പറക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it